സംസ്ഥാനത്ത് പനി ബാധിതര്‍ വര്‍ധിക്കുന്നു

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ 10 ലക്ഷം പേര്‍ വിവിധ പനികള്‍ ബാധിച്ച് ചികില്‍സ തേടി. ഇതില്‍ 72 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം എട്ടുപേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സിന്ധു (32), മുഹമ്മദ് ഷിബിലി (13), ഷിജിത (20), ബാലകൃഷ്ണന്‍ (63), കോഴിക്കോട് സ്വദേശികളായ ജാനകി (48), ലിനി (32) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. കാസര്‍കോട് മംഗലപ്പടി സ്വദേശി സുഹ്‌റ (45)യുടെ മരണത്തില്‍ ഡെങ്കി സംശയിക്കുന്നു. പാലക്കാട് കൊഴല്‍മന്നം സ്വദേശി പഴനിയപ്പന്‍ (53) ചിക്കന്‍പോക്‌സ് ബാധിച്ചുമാണ് മരിച്ചത്.
കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പേ കേരളം പനിപ്പിടിയിലമര്‍ന്നത് ആരോഗ്യരംഗത്ത് ആശങ്ക വര്‍ധിപ്പിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 8,66,926 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. 221 പേര്‍ക്ക് മലേറിയയും 575 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികില്‍സ തേടിയവരുടെ എണ്ണം 2328 ആണ്. ഇവരില്‍ 12 പേര്‍ മരിച്ചു. ഒമ്പതുപേരുടെ മരണത്തില്‍ ഡെങ്കി സംശയിക്കുന്നു.
187 പേര്‍ക്ക് എലിപ്പനി പിടിപെട്ടപ്പോള്‍ ജീവന്‍ നഷ്ടമായത് 22 പേര്‍ക്ക്. ഇതില്‍ 12 പേരുടെ മരണത്തില്‍ എലിപ്പനി സംശയിക്കുന്നു. 2754 പേര്‍ക്കാണ് മഞ്ഞപ്പിത്ത രോഗങ്ങള്‍ പിടിപെട്ടത്. ഇതില്‍ 873 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഏഴുപേര്‍ മരിച്ചു. 1,71,979 പേര്‍ വയറിളക്ക രോഗങ്ങള്‍ക്ക് ചികില്‍സ തേടിയപ്പോള്‍ മരണം നാലായി. ചൂടുകാലത്ത് ഭീതി പടര്‍ത്തിയ ചിക്കന്‍പോക്‌സ് പിടിപെട്ടത് 15,402 പേര്‍ക്ക്. സംസ്ഥാനത്ത് 11 പേരാണ് ചിക്കന്‍പോക്‌സ് ബാധിച്ച് മരിച്ചത്. ആറുപേര്‍ക്ക് കോളറയും 11 പേര്‍ക്ക് എച്ച്1 എന്‍1ഉം കണ്ടെത്തി.
ഇന്നലെ സംസ്ഥാനത്ത് 11,034 പേര്‍ വിവിധ പനി ബാധിച്ച് ചികില്‍സ തേടി. ഇതില്‍ 2,280 പേരെ അഡ്മിറ്റ് ചെയ്തു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത്- 1792 പേര്‍. കോഴിക്കോട്- 1257, പാലക്കാട്- 1047, കണ്ണൂര്‍- 999, തിരുവനന്തപുരം- 859, തൃശൂര്‍- 845, കാസര്‍കോട്- 628 എന്നിവയാണ് തൊട്ടടുത്ത ജില്ലകള്‍. ഇന്നലെ 22 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കണ്ണൂര്‍ (8), കാസര്‍കോട് (6), ആലപ്പുഴ (2), കൊല്ലം (2), പത്തനംതിട്ട (2), ഇടുക്കി (1), തിരുവനന്തപുരം (1) എന്നിങ്ങനെയാണ് ഡെങ്കി സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നാലുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it