Breaking News

സംസ്ഥാനത്ത് നാളെ സ്വകാര്യസഹകരണ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കും

സംസ്ഥാനത്ത് നാളെ സ്വകാര്യസഹകരണ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കും
X
ചേര്‍ത്തല: കെവിഎം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണം, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണം, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണം, പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളത്തില്‍ നാളെ സ്വകാര്യസഹകരണ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കും. ഇതേ ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാര സമരം അനുഷ്ഠിക്കുന്ന യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്‌സുമാര്‍ നാളെ ചേര്‍ത്തലയിലെ സമരപന്തലിലെത്തും.

നിരാഹാര സമരം ചൊവ്വാഴ്ച ആറ് ദിവസം പിന്നിട്ടതോടെ സുജനപാലിന്റെ ആരോഗ്യം കൂടുതല്‍ മോശമായിരിക്കുകയാണ്. സമരത്തിലിരിക്കുന്ന നഴ്‌സുമാര്‍ പരിശോധിച്ചതില്‍ രക്ത സമ്മര്‍ദ്ധത്തില്‍ വ്യതിയാനം കണ്ടെത്തി. ഇതുവരെ ജില്ലാ ഭരണകൂടമോ, ആരോഗ്യ വകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ല. മരണം വരെ നിരാഹാരം തുടരാനാണ് തീരുമാനമെന്ന് സുജനപാല്‍ വ്യക്തമാക്കി.

കെവിഎം നഴ്‌സിംഗ് സമരം നാളേയ്ക്ക് 180 ദിവസം പിന്നിടുകയാണ്. നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ നടപടികള്‍ വൈകുകയും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധ മാറിപ്പോവുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രി മേഖലയെ വീണ്ടും കലുഷിതമായി. പരിചയസമ്പന്നരായ രണ്ട് നഴ്‌സുമാരെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെവിഎമ്മില്‍ സമരം തുടങ്ങേണ്ടിവന്നത്. പ്രതികാരനടപടികള്‍ പാടില്ലെന്ന നിര്‍ദ്ദേശം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണിവിടെ നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുത്തത്.


2013ലെ മിനിമം വേജസ് നടപ്പിലാക്കി അനുവദിക്കണമെന്നാണ് മാനേജ്‌മെന്റിനോട് ഇവിടെ നഴ്‌സുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2013ല്‍ പരിഷ്‌കരിച്ച ശമ്പളമോ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളോ ഒന്നും തന്നെ അനുവദിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. നിലവില്‍ 14 ഉം 16ഉം മണിക്കൂറുകളാണ് അവിടെ ജോലി ചെയ്തിരുന്നത്. അവകാശ നോട്ടീസ് നിയമപ്രകാരം നല്‍കുകയും നിരവധി തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിലെല്ലാം മാനേജ്‌മെന്റ് നിഷേധ നിലപാട് സ്വീകരിച്ചതോടെയാണ് നഴ്‌സുമാര്‍ കെവിഎമ്മില്‍ സമരത്തിനിറങ്ങിയത്. മാനേജ്‌മെന്റിനുവേണ്ടി നഴ്‌സുമാരുടെ വീടുകളില്‍ ഗുണ്ടകള്‍ കയറിയിറങ്ങി വധഭീഷണയുള്‍പ്പടെ പലഘട്ടങ്ങളിലായുണ്ടായി.

ഫെബ്രുവരി 12ന് സംസ്ഥാനത്ത് യുഎന്‍എ യൂനിറ്റുകളുള്ള മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും ജില്ലാ ലേബര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സംസ്ഥാന തൊഴില്‍ വകുപ്പ് കമ്മിഷണര്‍ക്കും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജനുവരി മാസം 28നും 30നുമായി ഇതേ വിഷയത്തില്‍ ആദ്യപടിയെന്നോണം നോട്ടീസ് നല്‍കിയിരുന്നതുമാണ്. നാളെ രാവിലെ ഏഴ് മണി മുതല്‍ 16ന് രാവിലെ ഏഴ് മണി വരെയാണ് പണിമുടക്കുന്നത്.
Next Story

RELATED STORIES

Share it