സംസ്ഥാനത്ത് അവധിക്കാല ക്ലാസുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ഡിപിഐയുടെ സര്‍ക്കുലര്‍. വെക്കേഷന്‍ ക്യാംപുകള്‍ക്ക്  പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.
ഏപ്രില്‍ മെയ് മാസങ്ങളില്‍ സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി അവധിക്കാല  ക്ലാസുകള്‍ നിരോധിച്ച സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ ഇതു ലംഘിച്ച് സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ നടത്താന്‍ തയ്യാറെടുക്കുകയാണെന്ന പരാതി വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ സ്‌റ്റേറ്റ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വെക്കേഷന്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ല.
നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.
ക്ലാസുകള്‍ നടത്തുന്നതിനിടെ കുട്ടികള്‍ക്ക് വേനല്‍ ചൂടു നിമിത്തമോ യാത്രയ്ക്കിടയിലോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദിയായിരിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
അവധിക്കാല ക്യാംപുകള്‍ നടത്തണമെങ്കില്‍   ഡിപിഐയോട് പ്രത്യേകം അനുമതി  തേടണം. പരിശോധനയ്ക്ക് ശേഷം പരമാവധി ഏഴു ദിവസത്തെ ക്യാംപിനുള്ള അനുമതി ഡിപിഐ നല്‍കും. ഈ ക്യാംപുകളിലും കുട്ടികള്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും സ്‌കൂളധികൃതര്‍ ഒരുക്കണം.
വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിക്കുകയും ചെയ്യും. അവധിക്കാലം കുട്ടികളുടെ മാനസിക ഉല്ലാസത്തിന്റെ സമയമായതിനാല്‍ ആ രീതിയില്‍ അനുഭവപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഡിപിഐ നിര്‍ദേശം പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it