palakkad local

സംസ്ഥാനത്തെ പ്രഥമ ഇരട്ട തുരങ്കപാത ഗതാഗതസജ്ജമാവുന്നു

വടക്കഞ്ചേരി: സംസ്ഥാനത്തെ പ്രഥമ തുരങ്കപാതയായ കുതിരാനിലെ ആദ്യ തുരങ്കത്തിന്റെ നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകും. ആദ്യ തുരങ്കം ഗതാഗത യോഗ്യമാകുന്നതോടെ രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മാണവും ഒക്‌ടോബറോടെ പൂര്‍ത്തിയാവുമെന്നു നിര്‍മാണ ചുമതലയുള്ള പ്രഗതി കമ്പനിയധികൃതര്‍ പറഞ്ഞു. തുരങ്കത്തോടനുബന്ധിച്ചുള്ള റോഡിന്റെ നിര്‍മ്മാണം കെഎംസി കമ്പനിക്കാണ്. തുരങ്കങ്ങളുടെ സബ് കോണ്‍ട്രാക്ടാണു പ്രഗതി കമ്പനിക്കുള്ളത്. പാലക്കാട് - തൃശ്ശൂര്‍ ദേശീയ പാതയിലൂടെയുള്ള യാത്രയില്‍ കൊമ്പഴക്കു സമപീത്തുനിന്നാണ് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തുരങ്കത്തിലേക്കു പ്രവേശിക്കുക. 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ തൃശ്ശൂര്‍ റോഡിലേക്കു തന്നെ പുറത്ത് കടക്കും.
പന്ത്രണ്ടര മീറ്റര്‍ വീതിയുള്ള തുരങ്കത്തിനകത്തെ റോഡിനോട് ചേര്‍ന്ന ഒന്നര മീറ്റര്‍ നടപ്പാതയുമുണ്ട്. തുരങ്കത്തിലൂടെ ഒരേ സമയം 3 വാഹനങ്ങള്‍ക്ക് കടന്നുപോവാനാവും. ആദ്യ തുരങ്കത്തിന്റെ വൈദ്യൂതീകരണം പൂര്‍ത്തിയായി. ഫാന്‍, സെന്‍സറുകള്‍, എമര്‍ജെന്‍സി ഹോണുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. തുരങ്കത്തിനകത്ത് ബലക്കൂടുതലുള്ള ഭാഗത്ത് കോണ്‍ഗ്രീറ്റും ബലക്കുറവുള്ള ഭാഗത്ത് റിങ്ങ് വെച്ചുമാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. ഗതാഗത തിരക്കുള്ള സമയങ്ങളില്‍ ഒരു തുരങ്കത്തില്‍ നിന്നും മറ്റൊരു തുരങ്കത്തിലേക്ക് കടക്കുന്നതിനു 600, 300 മീറ്റര്‍ നീളമുള്ള രണ്ടു സമാന്തര പാതകളുടെ നിര്‍മ്മാണവും നടന്നുവരികയാണ്. നടപ്പാതകളില്‍ ഫയര്‍ സേഫ്റ്റി പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും തുരങ്കമുഖത്ത് കോണ്‍ഗ്രീറ്റ് സുരക്ഷാ ഭിത്തികളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. രണ്ടാമത്തെ തുരങ്കം തൃശ്ശൂരില്‍ നിന്നും പാലക്കാട്ടേക്കു വരുന്ന വാഹനങ്ങള്‍ക്കുള്ള മാത്രമുള്ളതാണ്.
ഇതിലേക്ക് പ്രവേശിച്ചാല്‍ കൊമ്പഴയില്‍ ചെന്നെത്തും. 2016 ലാണ് പാലക്കാട് -തൃശ്ശൂര്‍ ദേശീയപാതയിലെ തുരങ്കനിര്‍മ്മാണമാരംഭിച്ചത്. ബുമറുകള്‍ ഉപയോഗിച്ചു പാറക്കല്ലുകള്‍ തുരന്നുള്ള തുരങ്കത്തിന്റെ നിര്‍മ്മാണം 2017 ല്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും പ്രവൃത്തികള്‍ക്കിടയിലെ തടസ്സങ്ങളും കെഎംസിയില്‍ നിന്നും ഫണ്ട് ലഭിക്കാത്തതും വൈകാന്‍ കാരണമായി. വിവിധ ബാങ്കുകളടങ്ങുന്ന ബാങ്ക കണ്‍സോര്‍ഷ്യമാണ് തുരങ്കനിര്‍മ്മാണത്തിനുള്ള ഫണ്ട് നല്‍കിയിട്ടുള്ളത്. തുരങ്ക നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് മുഴുവന്‍ കെഎംസി യില്‍നിന്നും ലഭിക്കാത്തതിനാല്‍ സ്വന്തം ഫണ്ടുപയോഗിച്ചാണ് തുരങ്ക നിര്‍മ്മാണം നടത്തുന്നെതെന്നാണ് പ്രഗതി കമ്പനിയുടെ വാദം.
തുരങ്കനിര്‍മ്മാണത്തിന്റെ ചുമതലയുള്ള ഇരു കമ്പനികളും ഹൈദരാബാദ് ആസ്ഥാനമായുള്ളതാണ്. തുരങ്കങ്ങളും ഗതാഗതയോഗ്യമാക്കുന്നതോടെ പാലക്കാട് - തൃശ്ശൂര്‍ ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. തുരങ്കത്തിന്റെ പണികളും വടക്കഞ്ചേരി മണ്ണുത്തി പാതയുടെ പണികളും പൂര്‍ത്തിയാവുന്നതോടെ പന്നിയങ്കരയിലെ ടോള്‍പ്ലാസ വഴി ആറായിരത്തിലധികം വാഹനങ്ങള്‍ക്ക് കടന്നുപോവാമെന്നാണ് കണക്കുകൂട്ടുന്നത്.
Next Story

RELATED STORIES

Share it