thrissur local

സംരക്ഷിത തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താന്‍ പഞ്ചായത്ത് അനുമതി

പുതുക്കാട്: പറപ്പൂക്കര കോന്തിപുലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയ ഒന്നര ഏക്കര്‍ സംരക്ഷിത തണ്ണീര്‍ത്തടത്തില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പഞ്ചായത്തും വില്ലേജ് അധികൃതരും അനുമതി നല്‍കി.
തണ്ണീര്‍ത്തടം മണ്ണിട്ടുനികത്തിയതാണെന്ന കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് വകവെയ്ക്കാതെയാണ് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. കെട്ടിടം നിര്‍മ്മിക്കാന്‍ പറപ്പൂക്കര പഞ്ചായത്ത് ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിച്ചതായും ഇതിനായി വില്ലേജ് ഓഫീസര്‍ പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും പറയുന്നു. സ്ഥലമുടമ നല്‍കിയ അപേക്ഷയില്‍ ഭൂമി പരിശോധിക്കാതെയാണ് വില്ലേജും പഞ്ചായത്തും അനുമതി നല്‍കിയതെന്ന ആരോപണമുണ്ട്. എന്നാല്‍ ഇതിനിടെ പറപ്പൂക്കര കൃഷി ഓഫീസര്‍ ആര്‍ഡിഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മണ്ണിട്ടു നികത്തിയ സ്ഥലം തണ്ണീര്‍ത്തടമാണെന്നും അനധികൃതമായാണ് ഇത് നികത്തിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം മറ്റ് നടപടികള്‍ എടുക്കുമെന്ന് കൃഷി ഓഫീസര്‍ അജിത് മോഹന്‍ അറിയിച്ചു. അനധികൃതമായി മണ്ണിട്ട് നികത്തിയ തണ്ണീര്‍ത്തടം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും സ്ഥലം ഉടമയ്‌ക്കെതിരെ നിയമ നടപടിയെടുക്കുന്നതിനുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി എന്‍ മുകുന്ദന്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഒരു മാസത്തിനിടെ മേഖലയിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും വ്യാപകമായി മണ്ണിട്ടു നികത്തിയതില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കോന്തിപുലം പാടശേഖരം.
പുതുക്കാട് പഞ്ചായത്തിലെ പല സ്ഥലങ്ങളില്‍ നിന്നു കുന്നിടിച്ചു കൊണ്ടുപോകുന്ന മണ്ണ് ഉപയോഗിച്ചാണ് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നത്.
Next Story

RELATED STORIES

Share it