സംജോത എക്‌സ്പ്രസ് സ്‌ഫോടനം: പിന്നില്‍ ആര്‍എസ്എസ്; വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ മുന്‍ തലവന്‍

സംജോത എക്‌സ്പ്രസ് സ്‌ഫോടനം:  പിന്നില്‍ ആര്‍എസ്എസ്; വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ മുന്‍ തലവന്‍
X
samjhauta-express

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പാകിസ്താനിലെ ലാഹോറിലേക്കുള്ള സംജോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരിയിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രചാരക് സുനില്‍ ജോഷിയും സംഘവുമാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന വികാസ് നാരായണ്‍ റായിയുടെ വെളിപ്പെടുത്തല്‍. 68 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ ആരോപിക്കപ്പെട്ടതുപോലെ സിമിക്കു പങ്കില്ലെന്നും അദ്ദേഹം ദി സിറ്റിസണിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
[related]അന്വേഷണം മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് എത്തിയതും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നു വ്യക്തമായതും മധ്യപ്രദേശ് പോലിസിന്റെ നിസ്സഹകരണം സംബന്ധിച്ചും ഹരിയാന മുന്‍ ഡിജിപി കൂടിയായ റായ് വിശദീകരിച്ചു. 2007 ഡിസംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹസാഹചര്യത്തില്‍ ജോഷി കൊല്ലപ്പെട്ടു. ഈ കേസില്‍ പ്രതികളെ പിടികൂടാനായിട്ടില്ല.
ഓടുന്ന ട്രെയിനില്‍ തീ വ്യാപിക്കുന്നതിനും ദുരന്തവ്യാപ്തി കൂട്ടുന്നതിനും വിവിധതരം സ്‌ഫോടക വസ്തുക്കള്‍ ഒരുമിച്ചു വച്ചായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്ന് റായ് പറഞ്ഞു. സ്‌ഫോടകവസ്തുക്കള്‍ സൂട്ട്‌കെയ്‌സുകളിലായിരുന്നു സ്ഥാപിച്ചത്. ഒന്നൊഴികെ എല്ലാ സൂട്ട്‌കെയ്‌സുകളും നശിച്ചു. ശേഷിച്ച ഒന്ന് കണ്ടെടുക്കാനായതാണ് അന്വേഷണത്തിനു തുമ്പായത്. ഇന്‍ഡോറിലെ കടയില്‍ നിന്നാണ് സൂട്ട്‌കെയ്‌സ് വാങ്ങിയതെന്നു കണ്ടെത്തി. കടയില്‍ ജോലിക്കു നിന്ന രണ്ട് ആണ്‍കുട്ടികളെ ഒരുമിച്ചും ഒറ്റയ്ക്കും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇന്‍ഡോറിലെ പ്രാദേശികഭാഷ സംസാരിക്കുന്ന രണ്ട് യുവാക്കളെത്തി സൂട്ട്‌കെയ്‌സുകള്‍ ഒന്നിച്ച് വാങ്ങിയെന്നു ബോധ്യമായത്. ഈ കടയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും കണ്ടെത്തി.
നിരവധി പേരുകള്‍ അന്വേഷണത്തിനിടെ ഉയര്‍ന്നുവന്നെങ്കിലും ആര്‍എസ്എസ് പ്രചാരകനായ പ്രാദേശിക വ്യാപാരി സുനില്‍ ജോഷി കൊല്ലപ്പെട്ടതും പ്രതികളെ പിടികൂടാത്തതും സംശയത്തിനിടയാക്കി. മലേഗാവ് സ്‌ഫോടനത്തില്‍ മുഖ്യപങ്കുള്ള ഹിന്ദുത്വ സംഘടന അഭിനവ് ഭാരതിന്റെ നേതാവ് പ്രജ്ഞാസിങ് ഠാക്കൂറുമായി ജോഷിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പിന്നീടാണ് സ്വാമി അസീമാനന്ദയ്ക്ക് സംഭവത്തിലുള്ള പങ്കു വെളിപ്പെടുന്നത്. തുടര്‍ന്ന് സുനില്‍ ജോഷിക്ക് സ്‌ഫോടനത്തില്‍ പൂര്‍ണ പങ്കുണ്ട്, സിമിയുമായി യാതൊരു ബന്ധവുമില്ല എന്നീ നിഗമനങ്ങളില്‍ അന്വേഷണസംഘമെത്തി. എന്നാ ല്‍, തുടര്‍ന്നുള്ള തെളിവു ശേഖരണത്തിന് മധ്യപ്രദേശ് സര്‍ക്കാരിന്റെയോ അന്വേഷണ ഏജന്‍സികളുടെയോ സഹകരണമില്ലാത്തത് റായിയെ കുഴക്കി. ഏറെനാള്‍ ഇന്‍ഡോറില്‍ താമസിച്ച് സഹകരണത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഈ സമയത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമാന സ്‌ഫോടനക്കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും അന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ അവസരം നല്‍കിയതും. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുമായി ദീര്‍ഘനേരം സംസാരിക്കാന്‍ യോഗത്തിനിടെ അവസരം ലഭിച്ചു. ഹിന്ദുത്വ ശക്തികളാണ് മിക്ക സ്‌ഫോടനങ്ങള്‍ക്കും പിന്നിലെന്നും തെളിവുകള്‍ ശേഖരിച്ചുവരുകയാണെന്നും കര്‍ക്കരെ റായിയെ അറിയിച്ചു. മാസങ്ങള്‍ക്കു ശേഷമാണ് മുംബൈ ആക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കര്‍ക്കരെ കൊല്ലപ്പെട്ടത്.
മധ്യപ്രദേശ് സര്‍ക്കാരിന്റെ സഹകരണമില്ലാത്തതിനാല്‍ കേസന്വേഷണം പൂര്‍ണമായി നിലച്ചു. പിന്നീട് മറ്റു സ്‌ഫോടന കേസുകള്‍ക്കൊപ്പം സംജോത കേസും എന്‍ഐഎ ഏറ്റെടുത്തു. മാസങ്ങള്‍ കഴിഞ്ഞാണ് സുനില്‍ ജോഷിക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. സുനില്‍ ജോഷിയുടെ മരണത്തോടെ, രാജ്യത്തുടനീളം ഹിന്ദുത്വര്‍ നടത്തിയ സ്‌ഫോടനങ്ങളിലേക്ക് വെളിച്ചംവീശുന്ന തെളിവാണു നഷ്ടമായത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിലപാടു മയപ്പെടുത്തിയ എന്‍ഐഎ, കേസില്‍ ഹിന്ദുത്വര്‍ക്കു പങ്കുണ്ടെന്നതിന് തെളിവില്ലെന്നാണു പറയുന്നത്.
Next Story

RELATED STORIES

Share it