Articles

സംഘര്‍ഷം കൊണ്ടുവരുന്ന പ്രഖ്യാപനം

റോബര്‍ട്ട് ഫിസ്‌ക്

ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേം അംഗീകരിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുന്നതിനു ഡബ്ലിനിലെ ഒരു ഐറിഷ് റേഡിയോ നിലയം എന്നെ വിളിച്ചിരുന്നു. അവര്‍ എന്നോട് ചോദിച്ചത്, 'അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രചോദനം എന്തായിരിക്കാം എന്നാണ് ഞാന്‍ കരുതുന്നതെ'ന്നാണ്. ഞാന്‍ ഉടനെ പ്രതികരിച്ചു: 'ഭ്രാന്താശുപത്രിയുടെ താക്കോല്‍ എന്റെ വശമില്ല.' ഒരു ഘട്ടത്തില്‍ പരിധിക്കപ്പുറം കടന്നതായി തോന്നിക്കുന്ന ഈ പരാമര്‍ശം ലോകത്തെ വന്‍ശക്തിയുടെ നായകനോടുള്ള  മാധ്യമപ്രവര്‍ത്തകന്റെ സാധാരണ പ്രതികരണമായി എളുപ്പത്തില്‍ സ്വീകരിക്കപ്പെട്ടു. വൈറ്റ് ഹൗസില്‍ ട്രംപ് നടത്തിയ പ്രസംഗം വീണ്ടും ശ്രവിച്ചപ്പോള്‍ കുറേക്കൂടി നിയന്ത്രണം വിടുമായിരുന്നെന്ന് എനിക്ക് തോന്നി. ആ പ്രഭാഷണം തന്നെ ബുദ്ധിശൂന്യവും ഭോഷത്തവും ലജ്ജാകരവുമാണ്. ഫലസ്തീനു വിട. ദ്വിരാഷ്ട്ര പരിഹാരത്തിനു വിട. ഫലസ്തീനികള്‍ക്ക് വിട. കാരണം ഈ പുതിയ ഇസ്രായേലി തലസ്ഥാനം അവര്‍ക്കു വേണ്ടിയുള്ളതല്ല. ട്രംപ് 'ഫലസ്തീന്‍' എന്ന വാക്കു പോലും പ്രയോഗിച്ചില്ല. അദ്ദേഹം പ്രയോഗിച്ചത് 'ഇസ്രായേലും ഫലസ്തീനികളും' എന്നാണ്. അഥവാ ഒരുകാലത്തും ഒരു രാഷ്ട്രമാവാനോ രാഷ്ട്രം ആഗ്രഹിക്കാന്‍ പോലുമോ അര്‍ഹതയില്ലാത്തവരാണ് ഫലസ്തീനികള്‍ എന്ന്. ഫലസ്തീനില്‍ ജൂതജന്മദേശത്തിനു ബ്രിട്ടന്‍ പിന്തുണ നല്‍കിയ ബാല്‍ഫര്‍ പ്രഖ്യാപനത്തിനു ശേഷം ഏതാണ്ട് നൂറു വര്‍ഷത്തോളമായി ഫലസ്തീനികള്‍ ഏതാണ്ട് നരകസമാനമായാണ് ജീവിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് ഏറെ അഭിമാനം കൊള്ളുന്ന 'യഹൂദര്‍ക്കൊരു ജന്മദേശം' എന്ന ഒറ്റ വാചകം അഭയാര്‍ഥിത്വത്തിന്റെ പാഠപുസ്തകവും പിന്നീട് ഫലസ്തീനി അറബികളെ സ്വന്തം മണ്ണില്‍ നിന്നു കുടിയിറക്കുന്നതിനു കാരണമാവുകയും ചെയ്തു. സാധാരണപോലെ ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള അറബ് പ്രതികരണം മനംപുരട്ടുന്നതായിരുന്നു. ട്രംപിന്റെ 'നീതീകരിക്കാനാവാത്തതും നിരുത്തരവാദപരവുമായ തീരുമാനത്തിന്റെ അപകടങ്ങളെ'ക്കുറിച്ച് സല്‍മാന്‍ രാജാവ് മുന്നറിയിപ്പ് നല്‍കി. ഇസ്‌ലാമിന്റെ രണ്ടു വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനെന്നു പറയപ്പെടുന്ന (മൂന്നാമത്തേത് ജറുസലേം ആണ്, അദ്ദേഹം അത് പറയുന്നില്ലെങ്കിലും) രാജാവാണ് സല്‍മാന്‍. ഈ അപകടം നേരിടുന്നതിന് വരുംനാളുകളില്‍ അറബ് മുസ്‌ലിം സംഘടനകള്‍ നിരവധി അടിയന്തര സമിതികള്‍ രൂപീകരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം. നമുക്കെല്ലാം അറിയുന്നതുപോലെ ഒരു ഗുണവും ചെയ്യാത്തവ. എന്റെ ഉറ്റ സുഹൃത്തായി മാറിയ നോം ചോംസ്‌കിയുടെ ഭാഷാപരമായ അപഗ്രഥനരീതിയാണ് ട്രംപിന്റെ പ്രഭാഷണം വിലയിരുത്തുന്നതിന് ഞാന്‍ അവലംബിച്ചത്. ഞാന്‍ ശ്രദ്ധിച്ച ഒന്നാമത്തെ കാര്യം നേരത്തേ സൂചിപ്പിച്ചതുപോലെ 'ഫലസ്തീന്‍' എന്ന വാക്കിന്റെ അഭാവമാണ്. ഈ വാക്ക് ഞാന്‍ എപ്പോഴും ഉദ്ധരണിയിലാണ് നല്‍കാറുള്ളത്. കാരണം, ഒരു രാഷ്ട്രമായി എന്നെങ്കിലും അത് നിലനില്‍ക്കുമെന്നു ഞാന്‍ കരുതുന്നില്ല. വെസ്റ്റ്ബാങ്കിലെ ജൂതകോളനികളിലേക്ക് പോയി നോക്കുക. ഫലസ്തീന്‍ ഭാവിയില്‍ നിലനില്‍ക്കണമെന്ന് ഇസ്രായേലിന് ഒരു ഉദ്ദേശ്യവുമില്ല. എന്നാല്‍, അത് ട്രംപിനുള്ള ഒഴികഴിവാകില്ല. ഫലസ്തീനില്‍ നിലവിലുള്ള അറബികളെ 'ജൂതേതര സമൂഹങ്ങള്‍' എന്നു മാത്രം പരാമര്‍ശിച്ച ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ അന്തസ്സത്ത പാലിച്ച് ട്രംപ് ഫലസ്തീനിലെ അറബികളെ വെറും 'ഫലസ്തീനികള്‍' ആയി തരംതാഴ്ത്തുന്നു. ട്രംപ് തുടക്കത്തില്‍ തന്നെ കബളിപ്പിക്കല്‍ തുടങ്ങുന്നു. നവചിന്തയെയും പുതുസമീപനങ്ങളെയും കുറിച്ച് ട്രംപ് സംസാരിക്കുന്നു. എന്നാല്‍, ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനം എന്നതില്‍ പുതുതായി ഒന്നുമില്ല. കാരണം, ഇസ്രായേലികള്‍ ഇതേക്കുറിച്ച് ദശകങ്ങളായി ചെണ്ടകൊട്ടിക്കൊണ്ടിരിക്കുന്നതാണ്. പുതിയ കാര്യം എന്താണെന്നു വച്ചാല്‍, സ്വന്തം പാര്‍ട്ടിയുടെയും ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളുടെയും ഇസ്രായേലിന്റെ അമേരിക്കന്‍ പിന്തുണക്കാരുടെയും നേട്ടങ്ങള്‍ക്കായി സമാധാന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിഷ്പക്ഷത എന്ന സാമാന്യ മര്യാദയില്‍ നിന്നുപോലും യുഎസ് പ്രസിഡന്റ് മുഖം തിരിച്ചു. ഇസ്രായേലിന്റെ പന്തിനോടൊപ്പമാണ് ഇപ്പോള്‍ അദ്ദേഹം ഓടുന്നത്. 1995ലെ ജറുസലേം കോണ്‍ഗ്രസ് ആക്ട് നടപ്പാക്കുന്നത് മുന്‍ പ്രസിഡന്റുമാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജറുസലേമിന്റെ അംഗീകാരം വൈകുന്നത് സമാധാനത്തിന്റെ വിഷയം ത്വരിതപ്പെടുത്തും എന്നതിനാലല്ല, മറിച്ച്, തലസ്ഥാനമെന്ന നിലയില്‍ നഗരത്തിനുള്ള അംഗീകാരം ഒന്നല്ല, രണ്ടു രാഷ്ട്രങ്ങള്‍ക്കും രണ്ടു സമൂഹങ്ങള്‍ക്കുമാണ് നല്‍കേണ്ടത് എന്നതിനാലായിരുന്നു. തുടര്‍ന്ന് തന്റെ തീരുമാനം അമേരിക്കയുടെ ഉത്തമതാല്‍പര്യം അനുസരിച്ചാണെന്ന് ട്രംപ് നമ്മോട് പറയുന്നു. ഭാവിയിലെ സമാധാനപ്രക്രിയകളില്‍ നിന്നു ഫലത്തില്‍ അമേരിക്ക പുറത്തായി. ചര്‍ച്ചകളില്‍ അമേരിക്കക്ക് തങ്ങള്‍ 'സത്യസന്ധരായ ഇടനിലക്കാരാ'ണെന്ന വാദം ഇനിയും ഉന്നയിക്കാനാവില്ല. ഇപ്പോള്‍ തന്നെ ആ വാദം കപടമാണെന്നു വ്യക്തമായി. പിന്നെ വാഷിങ്ടണിന് ഇത് എങ്ങനെ ഉപകരിക്കുമെന്നു വിശദീകരിക്കാന്‍ അദ്ദേഹത്തിന് ആവുന്നില്ല. ട്രംപിന്റെ പാര്‍ട്ടിയുടെ ധനസമാഹരണത്തിനു സഹായകമാവുമെങ്കിലും മധ്യപൂര്‍വദേശത്ത് ഉടനീളം അമേരിക്കയുടെ ശക്തിയും അന്തസ്സും താഴ്ത്തുന്നതാണ് ഈ നടപടി. തുടര്‍ന്ന് അദ്ദേഹം അവകാശപ്പെടുന്നത്, ഏതൊരു പരമാധികാര രാഷ്ട്രത്തെപ്പോലെയും ഇസ്രായേലിന് അതിന്റെ തലസ്ഥാനം ഏതെന്നു തീരുമാനിക്കാന്‍ അവകാശമുണ്ടെന്നാണ്. എന്നാല്‍ മറ്റൊരു ജനത, ജൂതന്മാര്‍ മാത്രമല്ല അറബികളും അതേ നഗരം (കുറഞ്ഞത് അതിന്റെ കിഴക്കന്‍ പ്രദേശം) സ്വന്തം തലസ്ഥാനമായി അവകാശപ്പെടുന്ന സാഹചര്യത്തില്‍ ആ അവകാശം അന്തിമ സമാധാനം നിലവില്‍വരുന്നതുവരെ തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്‌ക്കേണ്ടിവരും. ഇസ്രായേലിനു ജറുസലേം ഒന്നാകെ, അവിഭാജ്യമായി, ശാശ്വതമായി തങ്ങളുടെ തലസ്ഥാനമെന്ന് അവകാശപ്പെടാം. സ്വന്തം അതിര്‍ത്തിക്കുള്ളിലെ നിവാസികളില്‍ 20 ശതമാനത്തിലേറെ ജനത അറബ് മുസ്‌ലിംകളായിരിക്കെത്തന്നെ ഇസ്രായേല്‍ ജൂതരാഷ്ട്രമാണെന്ന് നെതന്യാഹു അവകാശപ്പെടുന്നതു പോലെയാണിത്. എന്നാല്‍, ഈ അവകാശവാദത്തിന് ട്രംപിന്റെ അംഗീകാരം ലഭിക്കുന്നതോടെ ജറുസലേം മറ്റൊരു രാഷ്ട്രത്തിന്റെയും തലസ്ഥാനമാവില്ലെന്നാണ് അതിനര്‍ഥം. ഇവിടെയാണ് പ്രശ്‌നം. ഈ തലസ്ഥാനത്തിന്റെ യഥാര്‍ഥ അതിരുകളെക്കുറിച്ച നേരിയ ധാരണ പോലും നമുക്കില്ല. യഥാര്‍ഥത്തില്‍ ട്രംപിന്റെ പ്രസംഗത്തിലെ അധികം റിപോര്‍ട്ട് ചെയ്യപ്പെടാതെപോയ ഒരു വരിയില്‍ അദ്ദേഹം (ജറുസലേമിലെ ഇസ്രായേലി പരമാധികാരത്തിന്റെ നിര്‍ണിത അതിരുകളെക്കുറിച്ച് ഒരു നിലപാടും ഞങ്ങള്‍ സ്വീകരിക്കുന്നില്ല) ഇതു സമ്മതിക്കുന്നുണ്ട്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, മൊത്തത്തില്‍ ജറുസലേമിനു മീതെ ഒരു രാഷ്ട്രത്തിന്റെ പരമാധികാരം അദ്ദേഹം അംഗീകരിക്കുന്നു, കൃത്യമായി ആ നഗരത്തിന്റെ അതിരുകള്‍ കിടക്കുന്നത് എവിടെയന്നറിയാതെ! യഥാര്‍ഥത്തില്‍ ഇസ്രായേലിന്റെ കിഴക്കന്‍ അതിര് എവിടെയാണെന്ന് നമുക്ക് നേരിയ ധാരണ പോലുമില്ല. ജറുസലേമിനെ വിഭജിച്ച പഴയ രേഖയ്‌ക്കൊപ്പമാണോ അത്? കിഴക്കന്‍ ജറുസലേമിന്റെ ഒരു നാഴികയോ മറ്റോ കിഴക്കാണോ അതിര്? അതല്ല ജോര്‍ദാന്‍ നദിക്ക് ഒപ്പമാണോ? ഏതായാലും ശരി ഫലസ്തീനു വിട. ട്രംപ് ഇസ്രായേലിന് അതിന്റെ തലസ്ഥാനമായി ഒരു നഗരത്തിന്റെ മൊത്തം അവകാശം സമ്മാനിച്ചിരിക്കുന്നു. പക്ഷേ, ജറുസലേമിന്റെ അതിര്‍ത്തി പോയിട്ട് ഈ രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തി എവിടെയാണെന്ന കാര്യത്തില്‍ വരെ യാതൊരു ധാരണയുമില്ലാതെ. താല്‍ക്കാലിക തലസ്ഥാനമായി തെല്‍അവീവ് സ്വീകരിക്കുന്നതില്‍ സന്തുഷ്ടമായിരുന്ന ലോകം അറഫാത്ത് എത്തിയതിനു ശേഷം ജറിക്കോയോ റാമല്ലയോ ഫലസ്തീന്‍ അതോറിറ്റിയുടെ തലസ്ഥാനമാണെന്ന് അഭിനയിക്കുകയും ചെയ്തു. എന്നാല്‍, ഇസ്രായേല്‍ അവകാശപ്പെടുന്നുവെങ്കില്‍ പോലും ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാന്‍ പറ്റില്ല. ഇസ്രായേല്‍ എല്ലാ വിശ്വാസവും ഉള്‍ക്കൊള്ളുന്നുവെന്നും, ജനതയ്ക്ക് സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യമുള്ള ഈ രാഷ്ട്രം ഏറ്റവും വിജയകരമായ ജനാധിപത്യ രാഷ്ട്രമാണ് എന്നൊക്കെ ട്രംപ് ജൂതരാഷ്ട്രത്തെ പ്രശംസിക്കുന്നുണ്ട്. അത് പറയുമ്പോള്‍ പ്രത്യേക പാസ് കൂടാതെ ജറുസലേമില്‍ ആരാധന നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത വെസ്റ്റ്ബാങ്കിലെ 2.5 ദശലക്ഷം വരുന്ന ഫലസ്തീനികളോടും, ആ നഗരത്തിലെത്താമെന്ന പ്രതീക്ഷ പോലുമില്ലാതെ ഉപരോധത്തില്‍ കഴിയുന്ന ഗസയിലെ ജനതയോടുമല്ല അദ്ദേഹം ഇത് പറയുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നിട്ടും തന്റെ പ്രഖ്യാപനം ഒരു 'യാഥാര്‍ഥ്യത്തിന്റെ അംഗീകാരം' മാത്രമാണെന്ന് ട്രംപ് അവകാശപ്പെടുന്നു. തെല്‍അവീവിലുള്ള, മിക്കവാറും ഉടനെ ജറുസലേമില്‍ എത്തുന്ന അദ്ദേഹത്തിന്റെ അംബാസഡര്‍ മാത്രമേ ഈ ജല്‍പനം വിശ്വസിക്കുകയുള്ളൂവെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹമാണല്ലോ വെസ്റ്റ്ബാങ്കിന്റെ രണ്ടു ശതമാനം മാത്രമേ ഇസ്രായേല്‍ അധീനപ്പെടുത്തിയിട്ടുള്ളൂവെന്നു വാദിക്കുന്നത്. അന്തിമമായി ഈ പുതിയ എംബസി പൂര്‍ത്തിയാകുമ്പോള്‍ സമാധാനത്തിനുള്ള മനോജ്ഞമായ അര്‍പ്പണമാകുമെന്ന് ട്രംപ് പറയുന്നു. മധ്യപൂര്‍വദേശത്തെ മിക്കവാറും അമേരിക്കന്‍ എംബസികള്‍ ഇന്നു ബങ്കറുകളായി മാറിയിരിക്കുന്നു. സായുധ കവാടങ്ങളും കോണ്‍ക്രീറ്റ് മതിലുകളും നയതന്ത്ര ജീവനക്കാര്‍ക്കായി ഉള്ളില്‍ നിരവധി ബങ്കറുകളുമുള്ള കേന്ദ്രങ്ങള്‍. അതുപോലെത്തന്നെയാവും ജറുസലേമിലെ യുഎസ് എംബസി. പക്ഷേ, അതിനകം ട്രംപ് വൈറ്റ്ഹൗസ് വിട്ടിരിക്കുമെന്നു ഞാന്‍ കരുതുന്നു. പതിവുള്ള ഒരു വാചകമടിയാണ് നാം കേട്ടത്. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും മഹത്തായ ഒരു ഇടപാടാണത്രേ അദ്ദേഹം താല്‍പര്യപ്പെടുന്നത്. ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ ഒരു സമാധാന ധാരണ. ഇരുകക്ഷികള്‍ക്കുമിടയില്‍ സമാധാനം കൈവരുത്തുന്ന അന്തിമ ചര്‍ച്ച ലോകം താല്‍പര്യപൂര്‍വം കാത്തിരിക്കുന്നു. അതിനിടെ ജറുസലേം മൊത്തമായി ഇസ്രായേലിന്റേതായി അദ്ദേഹം അംഗീകരിക്കുമ്പോള്‍ ഇതൊട്ടും സാധ്യമേയല്ല. ഈ ചര്‍ച്ചകളില്‍ ഏറ്റവും വൈകാരികമായ പ്രശ്‌നങ്ങളില്‍ ഒന്ന് ജറുസലേം ആണെന്നും തന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഭിന്നാഭിപ്രായവും വിയോജിപ്പും ഉണ്ടാവുമെന്നുമെല്ലാം അദ്ദേഹം പറഞ്ഞു. എങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്? 'രക്തച്ചൊരിച്ചിലും അജ്ഞതയും ഭീകരതയും പശ്ചിമേഷ്യയെ പിന്നാക്കം വലിക്കുന്നു'വെന്നു തുടങ്ങി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തുടങ്ങി ബ്ലെയറിനു സമാനമായ വാചാടോപത്തിലേക്ക് അദ്ദേഹം തരംതാഴുമ്പോള്‍ ഈ കള്ളങ്ങളില്‍ എന്തെങ്കിലും ദഹിക്കുമോ? വിയോജിപ്പിനോട് അക്രമത്തിലൂടെയല്ല, യുക്തിപരമായ ചര്‍ച്ചകളിലൂടെയാവണം ജനങ്ങള്‍ പ്രതികരിക്കേണ്ടതെങ്കില്‍, ഇസ്രായേലി തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നത് എന്തു ഫലമാണുണ്ടാക്കുക? ചര്‍ച്ചയാണോ? പഴയ ധാരണകള്‍ പുനരാലോചിക്കുക എന്നത് അര്‍ഥമാക്കുന്നത്  അതാണോ? ഈ നിരര്‍ഥക ജല്‍പനങ്ങള്‍ അവസാനിപ്പിക്കാന്‍ നേരമായി. ഈ മനുഷ്യന്‍ ഇനി എന്തെല്ലാം വിഡ്ഢിത്തങ്ങളാണ് സ്വപ്‌നം കാണുന്നതും അവ സംബന്ധിച്ചു കള്ളം പറയുന്നതും എന്നാരു കണ്ടു! ഈ തീരുമാനമെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സങ്കുലമായ മനസ്സില്‍ എന്താണുണ്ടായിരുന്നത് എന്നറിയില്ല.                       ി
Next Story

RELATED STORIES

Share it