സംഘപരിവാരത്തിന്റെ വര്‍ഗീയ അജണ്ടകള്‍ പുരോഗതിക്കു വിലങ്ങുതടിയാവുന്നു: യെച്ചൂരി

തൃശൂര്‍: ആര്‍എസ്എസും ബിജെപിയും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി പുറത്തെടുത്തിട്ടുള്ള വര്‍ഗീയ അജണ്ടകള്‍ അടിസ്ഥാന ജനവിഭാഗങ്ങളായ ദലിത് പിന്നാക്ക ആദിവാസി ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭൗതികപുരോഗതിക്ക് കടുത്ത വിഘാതം സൃഷ്ടിക്കുന്നതായി സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരില്‍ ഇഎംഎസ് സ്മൃതി ദേശീയ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ജാതീയതയെയും സവര്‍ണ പ്രത്യയശാസ്ത്രത്തെയും രാജ്യത്തിന്റെ ഔദ്യോഗിക നയങ്ങളാക്കി മറ്റുള്ളവരെ ദേശവിരുദ്ധരെന്ന് പ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വാതന്ത്ര്യസമരകാലത്ത് രാജ്യം ഉയര്‍ത്തിപ്പിടിച്ച നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തെ ഇവര്‍ അംഗീകരിക്കുന്നില്ല. നമ്മുടെ രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിനുപോലും വെല്ലുവിളിയാവുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് ഇവര്‍ ശ്രമിക്കുന്നത്. രാജ്യസഭയില്‍കൂടി ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടനതന്നെ മാറ്റിയെഴുതാനുള്ള അണിയറതന്ത്രങ്ങള്‍ നടന്നുവരുന്നു. രാജ്യത്തെ മൂലധനശക്തികള്‍ക്ക് തീറെഴുതാനുള്ള ശ്രമത്തിലാണ് മോദിയും ബിജെപി സര്‍ക്കാരും. ജനങ്ങളെ ഒന്നായി കാണാതെ എല്ലാവരെക്കൊണ്ടും ഭരത് മാതാ കീ ജയ് വിളിപ്പിക്കാനാണ് ഇവരുടെ ശ്രമം. ഇതിനെ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒത്തൊരുമയോടെ എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ മുന്നിട്ടറിങ്ങിയവര്‍ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശങ്ങളെ ഇല്ലാതാക്കുകതന്നെ ചെയ്യും. ഇന്ത്യ ന്‍ ഫാഷിസം യൂറോപ്യന്‍ ഫാഷിസത്തില്‍നിന്നാണ് മാതൃകകള്‍ സ്വീകരിക്കുന്നത്. തീവ്രസാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംസാരിച്ച മേധാ പട്കര്‍ അതിരപ്പള്ളി, വിഴിഞ്ഞം, എക്‌സ്പ്രസ് ഹൈവേ പദ്ധതികളുടെ കാര്യത്തില്‍ ശാസ്ത്രീയപഠനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ശാസ്ത്രജ്ഞര്‍ പഠിച്ച് അതിന്റെ വരുംവരായ്കകള്‍ വിലയിരുത്തണം. അതിനുശേഷം മാത്രമേ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ പാടുള്ളൂവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നു സംസാരിച്ച സാഹിത്യഅക്കാദമി മുന്‍ കേന്ദ്ര സെക്രട്ടറിയും കവിയുമായ കെ സച്ചിദാനന്ദന്‍ കോണ്‍ഗ്രസ് അടിയന്തരാവസ്ഥകാലത്ത് അധികാരം ഉപയോഗിച്ച് ഭരണഘടനതന്നെ ഇല്ലാതാക്കിയെങ്കില്‍ ഇപ്പോള്‍ ഫാഷിസം അധികാരം ഉപയോഗിച്ച് ഭരണഘടനയെ തന്നെ നിശബ്ദമാക്കുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി കെ ബിജു എംപി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it