World

ഷി ആജീവനാന്ത പ്രസിഡന്റാവും

ബെയ്ജിങ്: ഷി ജിന്‍പെങിനെ ആജീവനാന്തം പ്രസിഡന്റ് പദവിയിലിരിക്കാന്‍ വഴിയൊരുക്കി ചൈനയുടെ ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി.
രണ്ടു തവണയില്‍ കൂടുതല്‍ ഒരാള്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ പാടില്ലെന്ന ചട്ടമാണ് ഭരണഘടനയില്‍ നിന്ന് എടുത്തുമാറ്റിയത്. ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഭരണഘടനാ ഭേദഗതി പാസാക്കിയത്. പെതുവേ റബര്‍ സ്റ്റാമ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ചൈനീസ് പാര്‍ലമെന്റിലെ 3000ഓളം പ്രതിനിധികളില്‍ രണ്ടുപേര്‍ മാത്രമാണ് നിര്‍ദേശത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. മൂന്നുപേര്‍ ഹാജരായിരുന്നില്ല.
2013ലാണ് ഷീ ജിന്‍പെങ് ചൈനയുടെ പ്രസിഡന്റായി അധികാരമേറ്റത്. നേരത്തേയുണ്ടായിരുന്ന ഭരണഘടനാ ചട്ടപ്രകാരം 2023ന് ശേഷം അദ്ദേഹത്തിന് പ്രസിഡന്റായി മല്‍സരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം 2013ന് ശേഷവും ഷി ജിന്‍പെങിന് പ്രസിഡന്റായി മല്‍സരിക്കുകയും പദവി വഹിക്കുകയും ചെയ്യാം.
കഴിഞ്ഞ മാസം അവസാനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുസംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റിന്റെ പരിഗണനയ്ക്കയച്ചത്. ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഷി ജിന്‍പെങിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ആശയങ്ങളെ പാര്‍ട്ടി ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയും മാവോ സെ തൂങിന് തുല്യനായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാവോയെപ്പോലെ ഷി ജിന്‍പെങിന് ആജീവനാന്ത പ്രസിഡന്റാവാന്‍ വഴിയൊരുക്കിയത്.
Next Story

RELATED STORIES

Share it