Flash News

ഷാഹിദ് ആസ്മി: കരിനിയമങ്ങള്‍ക്കെതിരേ പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ; ധീരരക്തസാക്ഷിത്വത്തിന് ഏഴാണ്ട്

മുഹമ്മദ്  പടന്ന

മുംബൈ: ഇരകള്‍ക്കു നിയമസഹായം ചെയ്യുക എന്ന കടമ നിര്‍വഹിച്ച അഭിഭാഷകന്‍ ഷാഹിദ് ആസ്്മി അക്രമികളുടെ വെടിയേറ്റ് മരിച്ചിട്ട് ഇന്നലെ ഏഴാണ്ട് തികഞ്ഞു. 2010 ഫെബ്രുവരി 11നായിരുന്നു ആ ദാരുണ കൊലപാതകം. മനുഷ്യാവകാശപ്രവര്‍ത്തകന്‍ കൂടിയായ ആസ്മി ഏറ്റെടുത്ത പ്രമാദമായ കേസുകളാണ് അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ കാരണമായത്. 1993 മുംബൈ സ്‌ഫോടനം, 2002ലെ ഘാഡ്‌കോപ്പര്‍ ട്രെയിന്‍ സ്‌ഫോടനം, 2006 ജൂലൈ 11ല്‍ നടന്ന മുംബൈ ട്രെയിന്‍ സ്‌ഫോടനം തുടങ്ങിയ പല കേസുകളിലും പ്രതികളാക്കപ്പെട്ടവര്‍ക്കു നിയമസഹായം നല്‍കുവാന്‍ ഷാഹിദ് ആസ്മി തയ്യാറായി. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മോക്ക), തീവ്രവാദവിരുദ്ധ നിയമം (പോട്ട) തുടങ്ങിയവ പ്രകാരം പ്രതിചേര്‍ക്കപ്പെട്ട നിരപരാധികളായ ഏറെ പേര്‍ക്ക് ആശ്വാസകരമായ വിധി ലഭ്യമാക്കാന്‍ ഷാഹിദിന്റെ ഇടപെടലുകള്‍കൊണ്ട് സാധ്യമായി. 18 പേരെ അറസ്റ്റ് ചെയ്യുകയും ഒരാള്‍ കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത 2006 ട്രെയിന്‍ സ്‌ഫോടനക്കേസില്‍ ഒമ്പതുപേരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 'പോട്ട' ചുമത്തപ്പെട്ട് കസ്റ്റഡിയിലുണ്ടായിരുന്ന എട്ടുപേരെ വെറുതെവിടാന്‍ കാരണമായത് ഷാഹിദ് ആസ്മിയുടെ ശക്തമായ വാദമായിരുന്നു. ഹിന്ദുത്വവാദികള്‍ നടപ്പാക്കിയ മലേഗാവ് സ്‌ഫോടനക്കേസും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ആസ്മിയെ അദ്ദേഹത്തിന്റെ ടാക്‌സിമെന്‍ കോളനി കുര്‍ളയിലെ ഓഫിസില്‍വച്ചാണ് അക്രമികള്‍ വെടിവച്ചത്. സ്ഥലത്തുവച്ചുതന്നെ അദ്ദേഹം കൊല്ലപ്പെട്ടു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കു തന്നെ കറുത്ത പാടായ ഈ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികള്‍ ഇന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണു വസ്തുത. ഭീകരാക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഷഹീം അന്‍സാരിയെ തെളിവില്ലെന്നു കണ്ട് സുപ്രിംകോടതി വെറുതെവിട്ടതു മുതലാണ് ഷാഹിദിന് ഭീഷണി വരാന്‍ കാരണമായതെന്ന് സഹോദരന്‍ ഖാലിദ് ആസ്മി തേജസിനോട് പറഞ്ഞു. പോട്ട, ടാഡ, മോക്ക തുടങ്ങിയ കരിനിയമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതും വിനയായി. സഹോദരന്റെ കൊലപാതകികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഖാലിദ് ആസ്മിയെയും അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it