ഷബാനയുടെ സിവില്‍ സര്‍വീസ് മോഹത്തിന് കാലിക്കറ്റ് സര്‍വകലാശാലയുടെ കൈത്താങ്ങ്

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
പൊന്നാനി: വിധി നല്‍കിയ ഇല്ലായ്മകളെ ഇച്ഛാശക്തികൊണ്ട് തോല്‍പിക്കുകയാണു മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ഷബാന എന്ന ഡിഗ്രി വിദ്യാര്‍ഥിനി. അരയ്ക്കു താഴെ തളര്‍ന്ന ഷബാന വിധിയെ പഴിക്കാന്‍ തയ്യാറാവാതെ ജീവിതത്തെ പഠനത്തിലൂടെ നേരിടുകയാണ്.
ജനിച്ചുവീണപ്പോള്‍ മാസങ്ങളുടെ ആയുസ്സ് മാത്രം ഡോക്ടര്‍മാര്‍ പ്രവചിച്ച ഈ മിടുക്കി ഇന്നു സിവില്‍ സര്‍വീസ് നേടണമെന്ന തീരുമാനത്തിലാണ്. സ്വപ്‌നങ്ങള്‍ക്കും മോഹങ്ങള്‍ക്കുമപ്പുറം അതൊരു നിരന്തര ചിന്തയാണു ഷബാനയ്ക്ക്. അതുകൊണ്ടാണ് ഷബാനയെ പിന്തുണയ്ക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയും രംഗത്തെത്തിയത്. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ പൊന്നാനി സ്വദേശി എം കെ പ്രമോദ് സര്‍വകലാശാലയുടെ മുഴുവന്‍ പിന്തുണയും വിസിയുടെ അനുമതിയോടെ വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍വകലാശാലാ അധികൃതര്‍ ഷബാനയെ സന്ദര്‍ശിച്ച് പഠനാ—വശ്യത്തിനുള്ള പുസ്തകങ്ങളും കൈമാറി.
ഷബാന എന്നും പിതാവ് സലീമിനൊപ്പമാണു തൃശൂരിലെ കോളജിലേക്കു പോവുന്നത്. അരയ്ക്കു താഴെ ശേഷിയില്ലാത്ത ഷബാനയെ ഇക്കാലമത്രയും പിതാവു തന്നെയാണ് സ്‌കൂളിലെത്തിച്ചിരുന്നത്. ഒക്കത്തിരുത്തിയും തലയില്‍ ഇരുത്തിയും കുഞ്ഞുനാളില്‍ സ്‌കൂളിലെത്തിച്ചു. ഇപ്പോള്‍ മകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി കാറെടുത്ത് തൃശൂരിലെ കോളജിലേക്ക് കൊണ്ടുപോവും. മകള്‍ക്കു വേണ്ടി എന്തു ബുദ്ധിമുട്ട് സഹിക്കാനും പിതാവ് സലീം തയ്യാറാണ്.
കേരളവര്‍മയിലെ ഒന്നാംവര്‍ഷ ബിഎ പൊളിറ്റിക്‌സ് വിദ്യാര്‍ഥിനിയായ ഷബാനയ്ക്ക് കോളജിലെ പൂര്‍വവിദ്യാര്‍ഥികളാണ് ഒരുലക്ഷം രൂപയിലധികം വിലവരുന്ന മോട്ടോറൈസ്ഡ് വീല്‍ചെയര്‍ സമ്മാനിച്ചത്. ഷബാന മലപ്പുറത്തുനിന്നാണ് കേരളവര്‍മയിലേക്കു പോവുന്നത്. ദിവസവും ആറുമണിക്കൂര്‍ യാത്ര ഷബാനയെ തളര്‍ത്തുന്നുണ്ട്. ജോലി—ക്കുപോലും പോവാനാവാതെ മകളോടൊപ്പം നിഴലുപോലെ ഉപ്പ സലീം കൂടെയുണ്ട്. അഞ്ച് പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഭാരം മുഴുവന്‍ സലീമിന്റെ ചുമലിലാണ്. കോളജ് വിടും വരെ സലീം കേരളവര്‍മയില്‍ മകളെ കാത്തിരിക്കും. സലീമിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മറ്റു വിദ്യാര്‍ഥികളും അധ്യാപകരും ശിരസ്സു കുനിക്കുന്നു.
ഷബാനയെ സഹായിക്കാന്‍ നിരവധി കൂട്ടുകാര്‍ കേരളവര്‍മയിലുണ്ട്. ഷബാനയ്ക്ക് ഇനി വേണ്ടത് സാമ്പത്തിക സഹായമല്ല, വാടകയ്ക്ക് താമസിക്കാന്‍ കേരളവര്‍മയ്ക്ക് സമീപം ഒരു വീടാണ്. കേരളവര്‍മ ലേഡീസ് ഹോസ്റ്റലിലെ പരിമിത സാഹചര്യങ്ങള്‍ക്കിടയില്‍ ഷബാനയ്ക്കു നില്‍ക്കാനാവില്ല. മൂന്നു വര്‍ഷം മലപ്പുറത്തു നിന്നു വന്നുപോവുക എന്നത് പ്രായോഗികവുമല്ല. വാടകവീട് ലഭ്യമാക്കുന്നതിനായി ശ്രമങ്ങള്‍ കുറേ നടത്തിയെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. വാടക വളരെ കൂടുതലാണ്. അത് ഈ കുടുംബത്തിന് താങ്ങാനാവുന്നതുമല്ല.
ഐഎഎസ് നേടുക എന്നത് ഷബാനയുടെ ജീവിതലക്ഷ്യം തന്നെയാണ്. ഒപ്പം നില്‍ക്കാന്‍ സഹപാഠികളും അധ്യാപകരും കുടുംബവും സര്‍വകലാശാലയുമുള്ളപ്പോള്‍ തനിക്ക് ഒട്ടും പതര്‍ച്ച തോന്നുന്നില്ലെന്ന് ഉറച്ച ശബ്ദത്തില്‍ ഷബാന പറയുന്നു.
കാംപസിനടുത്ത് ചെറിയ വാടകയ്ക്ക് ഒരു വീട് കിട്ടിയാല്‍ ഷബാനയുടെയും സലീമിന്റെയും ദുരിതം അല്‍പമൊന്നു കുറയും. തൊട്ടുപരിസരത്ത് പലയിടത്തും അന്വേഷിച്ചെങ്കിലും തരപ്പെട്ടില്ല. വീടാണെങ്കില്‍ താഴത്തെ നിലയില്‍. ഫഌറ്റാണെങ്കില്‍ ലിഫ്റ്റുള്ളത്. രണ്ടായാലും അധികം ദൂരെയാവാന്‍ പറ്റില്ല. കോളജില്‍ സഞ്ചാരത്തിനു ബുദ്ധിമുട്ടുള്ളവര്‍ക്കു പറ്റിയ ശുചിമുറികളില്ല. ഷബാനയ്ക്ക് ഒരു വീടു കിട്ടിയാല്‍ ഒപ്പം താമസിച്ചു വേണ്ട സഹായങ്ങള്‍ നല്‍കാന്‍ സഹപാഠികള്‍ തയ്യാറാണ്. ഇനി വേണ്ടത് കോളജിന്റെ വിളിപ്പാടകലെ വീടുള്ള ആരുടെയെങ്കിലും ഒരു വിളി;'മോളേ ഇവിടെ താമസിച്ചു പഠിച്ചോളൂ... എന്നൊരു കരുണയാര്‍ന്ന വാക്ക്.
Next Story

RELATED STORIES

Share it