Flash News

ഷഫിന്‍ കാത്തിരിക്കുന്നു; ഹാദിയയെ ഒരു നോക്ക് കാണാനായി

ഷഫിന്‍ കാത്തിരിക്കുന്നു; ഹാദിയയെ ഒരു നോക്ക് കാണാനായി
X
സുധീര്‍ കെ ചന്ദനത്തോപ്പ്



[caption id="attachment_303522" align="aligncenter" width="400"] ഷഫിന്‍ ജഹാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ അഭിഭാഷകര്‍ക്കൊപ്പം[/caption]

കൊല്ലം:  കോടതി വരാന്തകളില്‍ കണ്ടുപിരിഞ്ഞ അവരുടെ കൂടിക്കാഴ്ചയ്ക്ക് വീണ്ടുമൊരു കോടതി വരാന്ത വേദിയാകുന്നു. ആറുമാസത്തെ വീട്ടുതടങ്കലിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ ഹാദിയ സുപ്രിംകോടതിയിലേക്ക് എത്തുമ്പോള്‍ അവളെ ഒരു നോക്ക് കാണാനായി കാത്തിരിക്കുകയാണ് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍. സാഹചര്യം ഒത്തുവന്നാല്‍ ഇന്ന് അവര്‍ തമ്മില്‍ പരസ്പരം കാണും. ആദ്യമായി ഷഫിന്‍ ഹാദിയയെ നേരില്‍ കണ്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തന്നെയാണ് വീണ്ടുമൊരു പുനസമാഗമം എന്ന പ്രത്യേകയുമുണ്ട്.
ഇതിനായി ഷഫിന്‍ ജഹാന്‍ ഇന്നലെ ഡല്‍ഹിയിലേക്ക് തിരിച്ചു. രാവിലെ എട്ടിന് കരിപ്പൂരില്‍ നിന്നാണ് ഷെഫിന്‍ ജഹാന്‍ ഡല്‍ഹിക്കെത്തിയത്. മൂന്നോടെ ഡല്‍ഹിയിലെത്തിയ അദ്ദേഹം തന്റെ കേസ് നടത്തുന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഹാദിയ സുപ്രിം കോടതിയിലെത്തുമ്പോള്‍ അവിടെ വച്ച് കാണണമെന്നാണ് ഷഫിന്റെ ആഗ്രഹം. സുപ്രിം കോടതിയില്‍ തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് ഷഫിന്‍ ജഹാന്‍ തേജസിനോട് പറഞ്ഞു. ഹാദിയ കഴിഞ്ഞ ദിവസം തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. പ്രതികരണങ്ങളില്‍ വളരെയേറെ സന്തോഷവും ആഹ്ലാദവുമുണ്ട്. ഹാദിയയെ കാണാനുള്ള കാത്തിരിപ്പിലാണ് താനെന്നും ഷഫിന്‍ ജഹാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ 19നാണ് ഷഫിനും ഹാദിയയും തമ്മിലുള്ള വിവാഹം നടന്നത്. ഗള്‍ഫില്‍ ജോലി ചെയ്യവെ വേ റ്റു നിക്കാഹ് എന്ന വൈവാഹിക വെബ്‌സൈറ്റിലൂടെ ഹാദിയയുടെ വിവാഹ പരസ്യം കണ്ടാണ് ഷഫിന്‍ വിവാഹാലോചനുയായി എത്തുന്നത്. അങ്ങനെ 2016 നവംബര്‍ 30നു കേരളത്തിലെത്തിയ ഷഫിന്‍ വീട്ടുകാര്‍ക്കൊപ്പം ഹാദിയ താമസിച്ചിരുന്ന കോട്ടക്കല്‍ പുത്തൂരിലെ വീട്ടില്‍ ചെന്നു കാണുകയും പരസ്പരം ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിക്കാഹ് ഉറപ്പിക്കുകയുമായിരുന്നു.  ചാത്തിനാംകുളം ജുംആ മസ്ജിദ് കമ്മിറ്റിയുമായുടേയും ഹാദിയ താമസിക്കുന്നയിടത്തെ മഹല്ലായ കോട്ടയ്ക്കല്‍ പുത്തൂര്‍ ജുംആ മസ്ജിദ് ഉള്‍പ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദത്തോടെ 2016 ഡിസംബര്‍ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടില്‍വച്ചായിരുന്നു വിവാഹം. രണ്ട് ദിവസത്തെ ദാമ്പത്യത്തിന് ശേഷം ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 21ന് ഹൈക്കോടതിയില്‍ ഹാജരായപ്പോഴാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. വിവാഹത്തില്‍ അസ്വാഭാവികത ആരോപിച്ച് കോടതി ഹാദിയയെ എറണാകുളം ചിറ്റൂര്‍ റോഡിലുള്ള എസ്എന്‍വി സദനത്തിലാക്കുകയായിരുന്നു. അവിടെ 156 ദിവസത്തെ തടങ്കലിന് സമാനമായ ജീവിതത്തിലായിരുന്നു ഹാദിയ. ഇതിനിടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഷഫിന്‍ ഹാദിയയെ അവസാനമായി നേരിട്ട് കണ്ടത്. കോടതി വരാന്തകളില്‍ വച്ച് കാണാറുണ്ടായിരുന്നെങ്കിലും സംസാരിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. പലതവണ കോടതിയില്‍ ഹാജരാക്കിയപ്പോഴും കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞത് പോലെ താന്‍ മുസ്‌ലിമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നുമുള്ള കാര്യങ്ങള്‍ ഹാദിയ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് മാതാപിതാക്കളുടെ സാനിധ്യമില്ലാതെ നടത്തിയ ഷെഫിന്റേയും ഹാദിയയുടേയും വിവാഹം അസാധുവാക്കിയ വിചിത്ര വിധിയിലൂടെ ഹൈക്കോടതി ഹാദിയയെ പിതാവ് അശോകന്റെ സംരക്ഷണയില്‍ വിട്ടയ്ക്കുന്നത്. വീട്ടില്‍ തടവുകാരിയേക്കാള്‍ വലിയ പീഡനങ്ങള്‍ ഹാദിയ അനുഭവിക്കുമ്പോള്‍ പുറത്ത് തങ്ങള്‍ക്ക് ലഭിക്കേണ്ട നീതിക്കായി അലയുകയായിരുന്നു ഷെഫിന്‍. മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ജനപ്രതിനിധികള്‍ അങ്ങനെ ഷെഫിന്‍ കൊട്ടാത്ത വാതിലുകളില്ല. ഒടുവില്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഹാദിയയെ നേരിട്ട് കേള്‍ക്കുമ്പോള്‍ ഷഫിന്‍ പ്രതീക്ഷയിലാണ്. ഹൈക്കോടതി പൊട്ടിച്ച് എറിഞ്ഞ തങ്ങളുടെ വിവാഹ ബന്ധം സുപ്രിം കോടതി വിളക്കിച്ചേര്‍ക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍.

[related]
Next Story

RELATED STORIES

Share it