ശ്രീജിത്തിന്റെ കൊലപാതകത്തിനു പ്രധാന ഉത്തരവാദി എ വി ജോര്‍ജെന്ന് അഖില

പറവൂര്‍: പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച ഭര്‍ത്താവ് ശ്രീജിത്തിന്റെ ഓര്‍മയില്‍ ഭാര്യ അഖില സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായിട്ടാണ് ഇന്നലെ അഖില ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഒമ്പതരയ്ക്കു ശേഷം ഭര്‍തൃസഹോദരന്‍ രഞ്ജിത്ത്, സ്വന്തം അനിയനും എട്ടാംക്ലാസ് വിദ്യാര്‍ഥിയുമായ അഭിനവ് എന്നിവരോടൊപ്പമാണ് അഖില ജോലിയില്‍ പ്രവേശിക്കുന്നതിനായി താലൂക്ക് ഓഫിസിലെത്തിയത്. 10 ഓടെ തഹസില്‍ദാര്‍ എം എച്ച് ഹരീഷ് എത്തി. തുടര്‍ന്ന് അദ്ദേഹത്തെ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചു ബോധ്യപ്പെടുത്തി. ഇതിനു ശേഷം ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി എഫ് ജോസഫിനെ കണ്ട് ഹാജര്‍ബുക്കില്‍ ഒപ്പുവച്ചു. തുടര്‍ന്ന് അദ്ദേഹം കാണിച്ചുകൊടുത്ത സീറ്റില്‍ ഇരുന്ന് അഖില ജോലി ആരംഭിച്ചു.
താലൂക്ക് ഓഫിസിലെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന വിഭാഗത്തിലാണു ജോലി. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തോടെ ദുരിതത്തിലായ കുടുംബത്തിനു നഷ്ടപരിഹാരമായി ഭാര്യക്ക് ജോലിയും ധനസഹായവും നല്‍കണമെന്ന് പ്രതിപക്ഷമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ജോലിയും അനുവദിച്ചിരുന്നു. കഴിഞ്ഞ 17നു ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല വീട്ടിലെത്തി അഖിലയ്ക്കു ജോലിക്കുള്ള നിയമന ഉത്തരവു നല്‍കി. ഡിഫാം പാസായ അഖില ഒന്നര വര്‍ഷമായി സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.
സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും തനിക്കു സന്തോഷമൊന്നുമില്ലെന്നും ഈ ജോലിയെ ശ്രീജിത്തിന്റെ ജീവന്റെ വിലയായി കണക്കാക്കുന്നുവെന്നും ജോലിയില്‍ പ്രവേശിച്ച ശേഷം അഖില മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സര്‍ക്കാര്‍ വേഗത്തില്‍ ജോലി നല്‍കിയതില്‍ നന്ദിയുണ്ട്. തന്റെയും മകളുടെയും ഭാവിയുടെ കാര്യത്തില്‍ ജോലി വലിയ ആശ്വാസമാണ്. ഒരു വീട് വച്ച് മാറണം എന്നത് ശ്രീജിത്തിന്റെ ആഗ്രഹമായിരുന്നു. അതു യാഥാര്‍ഥ്യമാക്കും. മകളുടെ ഭാവിയാണു മുഖ്യം. മകള്‍ ആര്യനന്ദയെ കഴിഞ്ഞദിവസം എല്‍കെ ജിയില്‍ ചേര്‍ത്തിട്ടുണ്ട്. ജോലി നല്ലരീതിയില്‍ നിര്‍വഹിക്കും.
ശ്രീജിത്തിനെ പിടിച്ചുകൊണ്ടു പോയത് ആലുവ റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സാണ്. അതുകൊണ്ടുതന്നെ ശ്രീജിത്തിന്റെ കൊലപാതകത്തിനു പ്രധാന ഉത്തരവാദി എ വി ജോര്‍ജാണ്. ജോര്‍ജിനെ കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യണം എന്നാണു തന്റെയും കുടുംബത്തിന്റെയും ആവശ്യമെന്നും ചോദ്യത്തിന് മറുപടിയായി അഖില പറഞ്ഞു.
ഹൈക്കോടതി വിധി വന്ന ശേഷം സിബിഐ അന്വേഷണത്തിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ കുടുംബം ആലോചിച്ചു തീരുമാനിക്കും. ദുരന്തത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് അഖില പറഞ്ഞു.
Next Story

RELATED STORIES

Share it