ശ്രീജിത്തിന്റെ കസ്റ്റഡി മരണംആലുവ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രനെ വീണ്ടും ചോദ്യംചെയ്‌തേക്കും

കൊച്ചി: വരാപ്പുഴയില്‍ ദേവസ്വം പാടം ഷേണായി പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത് (29) പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ആലുവ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രനെ വീണ്ടും ചോദ്യംചെയ്‌തേക്കും.
ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തതില്‍ നിന്നു ഡിവൈഎസ്പിക്കെതിരേ മൊഴി ലഭിച്ചിട്ടുണ്ടെന്നാണു വിവരം. എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് തന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആര്‍ടിഎഫ് സ്‌ക്വാഡ് അംഗങ്ങളെ ആലുവ ഡിവൈഎസ്പിക്കായിരുന്നു വിട്ടുകൊടുത്തത്. എ വി ജോര്‍ജിനെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്. വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമണവും തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതുമായ സംഭവത്തില്‍ ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത ശേഷം ഡിവൈഎസ്പി എസ്പിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യഥാര്‍ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്നാണു റിപോര്‍ട്ടില്‍ ഉള്ളത്. ഈ വിവരം പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ എ വി ജോര്‍ജ് പറഞ്ഞതായാണ് അറിയുന്നത്.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല. നിരവധി ഉദ്യോസ്ഥരില്‍ നിന്നു കേസില്‍ മൊഴിയെടുത്തിട്ടുണ്ട്. ഇതെല്ലാം കൃത്യമാണെന്ന് ഉറപ്പിക്കാതെ കൂടുതല്‍ അറസ്റ്റ് നടത്താനോ, പ്രതിപ്പട്ടിക വിപുലീകരിക്കാനോ സാധിക്കില്ലെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥ ന്‍ പറഞ്ഞു.
കേസില്‍ നേരിട്ട് ഇടപ്പെട്ടവരൊക്കെ ഇപ്പോള്‍ പ്രതിപ്പട്ടികയിലുണ്ട്. കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീങ്ങുമ്പോള്‍ കൃത്യമായും സൂക്ഷ്മ—മായും വ്യക്തത തേടിയ ശേഷം മതി നടപടികളെന്ന നിലപാടിലാണ് അന്വേഷണ സംഘം. എ വി ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം വൈകുന്നത് ഇതു കൊണ്ടാണെന്നാണു വിവരം.
Next Story

RELATED STORIES

Share it