Kottayam Local

ശ്മശാന മാലിന്യം പരസ്യമായി കത്തിച്ചതിനെതിരേ പ്രതിഷേധം

കോട്ടയം: ശ്മശാന മാലിന്യം പരസ്യമായി കത്തിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ പനച്ചിക്കാട് പഞ്ചായത്തില്‍ പരുത്തുംപാറയിലാണ് സംഭവം.
പഞ്ചായത്ത് ശ്മശാനത്തോട് ചേര്‍ന്ന് വിവിധ സമുദായങ്ങളുടെതായി നിരവധി ശ്മശാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലതും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. 30ലധികം ശ്മശാനങ്ങളുള്ളതില്‍ മൂന്നെണ്ണത്തിനു മാത്രമാണ് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ അംഗീകാരമുള്ളത്. ഇവയുടെയെല്ലാം പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് പ്രദേശവാസിയായ ജോണി എന്നയാളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ശ്മശാനങ്ങളിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സഹായിക്കുന്നതും ഇയാളാണ്.
ശ്മശാനങ്ങളിലെ സെല്ലുകള്‍ നിറയുമ്പോള്‍ ഇവ വൃത്തിയാക്കാന്‍ മാലിന്യങ്ങള്‍ വാരിക്കത്തിക്കുന്നത് പതിവാണ്. എന്നാല്‍ നൂറിലധികം കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശത്ത് പരസ്യമായി മാലിന്യങ്ങള്‍ വാരിയിട്ട് കത്തിക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയത്. എല്ലും മുടിയും കരിയുന്ന അസഹ്യമായ ഗന്ധം വര്‍ധിച്ചതോടെയാണ് പരിസരവാസികള്‍ പ്രതിഷേധവുമായെത്തിയത്. ഇതിനിടെ പ്രദേശവാസികള്‍ പഞ്ചായത്ത് അധികാരികളെ വിവരമറിയിച്ചു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിങ്ങവനം പോലിസും രംഗത്തെത്തിയിരുന്നു. ശ്മശാനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നതിനാല്‍ കേസെടുക്കാന്‍ സാധിച്ചില്ല. മാലിന്യം കത്തിച്ച വ്യക്തിക്കു താക്കീത് നല്‍കി പോലിസ് വിട്ടയച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്താനും ഇവര്‍ക്ക് നോട്ടീസയയ്ക്കാനും തീരുമാനിച്ചതായി പഞ്ചായത്ത് അധികാരികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it