ശാസ്ത്ര പരീക്ഷണത്തിനിടെ പൊട്ടിത്തെറി; വിദ്യാര്‍ഥികളടക്കം 60 പേര്‍ക്ക് പരിക്കേറ്റു

അങ്കമാലി: സ്‌കൂളിലെ ഗണിതശാസ്ത്ര പരീക്ഷണത്തിനിടെ പൊട്ടിത്തെറിയുണ്ടായി നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര മേളയ്ക്കിടെയാണ് പൊട്ടിത്തെറി. അപകടത്തില്‍ അധ്യാപികയും വിദ്യാര്‍ഥികളും അടക്കം 60ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത് കാണിക്കുന്നതിനായി ഉപയോഗിച്ച വസ്തുക്കളാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സ്‌കൂളില്‍ എല്ലാ വര്‍ഷവും ശാസ്ത്രം, സാമൂഹ്യ ശാസ് ത്രം, ഗണിതം വിഷയങ്ങളില്‍ സ്‌കൂള്‍തല മേളകള്‍ സംഘടിപ്പിക്കാറുണ്ട്. സാമൂഹ്യ ശാസ് ത്ര വിഭാഗത്തിലെ പ്രവര്‍ത്തന മല്‍സരത്തില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതു കാണിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നടന്ന മല്‍സരത്തില്‍ ആകെ അഞ്ചു ടീമുകളാണ് മല്‍സരിച്ചത്. അതില്‍ ഒരു ടീമിന്റെ മല്‍സരം കഴിഞ്ഞു രണ്ടാമത്തെ ടീമിന്റെ മല്‍സരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമ്പോഴാണ് അപകടകരമായ രീതിയില്‍ കല്ലും മണ്ണും കാഴ്ചക്കാരായി നിന്ന കുട്ടികളുടെ ദേഹത്തേക്ക് പൊട്ടിത്തെറിച്ചത്. ജഡ്ജായി വന്ന ടീച്ചറുള്‍പ്പെടെ 60 പേര്‍ക്ക് പരിക്കേറ്റു. പരിക്കുപറ്റിയവരെ യെല്ലാം ഉടനടി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി. പിന്നീട് വൈകീട്ടോടെ ഇവരെയെല്ലാവരെയും പറഞ്ഞുവിട്ടു. പരിക്കേറ്റ എല്ലാ കുട്ടികളുടെയും മാതാപിതാക്കളെ ഉടനടി അറിയിക്കുകയും സ്‌കൂളിലും ആശുപത്രിയിലും അവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇന്നസെന്റ് എംപി, റോജി എം ജോണ്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം എ ഗ്രേസി, വാര്‍ഡ് കൗണ്‍സിലര്‍ ബാസ്റ്റിന്‍ പാറയ്ക്കല്‍, ബസിലിക്ക റെക്ടര്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, എഫ് സി കോണ്‍വെന്റ് മദര്‍ പ്രൊവിന്‍ഷ്യല്‍ സി ആനീസ് വള്ളിപ്പാലം, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സി ലിസാ മേരി, ഹോളി ഫാമിലി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സാനി ജോസ്, പിടിഎ പ്രസിഡന്റ് ജോസഫ് തെക്കിനേന്‍, വൈസ് പ്രസിഡന്റ് കെ പി ജോസഫ്, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ഗ്രേസി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it