ശരത് യാദവിന് ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റാനാവില്ല

ന്യൂഡല്‍ഹി: ജനതാദള്‍ (യു)വില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ പാര്‍ട്ടി പ്രസിഡന്റും രാജ്യസഭാ അംഗവുമായിരുന്ന ശരദ് യാദവിന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാനാവില്ലെന്നു സുപ്രിംകോടതി. രാജ്യസഭാംഗമെന്ന നിലയില്‍ ശമ്പളം, ബത്തകള്‍, വിമാന, റെയില്‍ ടിക്കറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്നാണ് ഈ വിഷയത്തില്‍ മുമ്പു ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഭാഗീകമായ മാറ്റംവരുത്തിക്കൊണ്ടു സുപ്രിംകോടതി വിധിച്ചത്.
അതേസമയം, രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യംചെയ്ത് ശരദ് യാദവ് നല്‍കിയ ഹരജി പരിഗണിക്കുന്ന ജൂലൈ 12 വരെ അദ്ദേഹത്തിനു ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഉപയോഗിക്കുന്നതിനു കോടതി അനുമതി നല്‍കിയിട്ടുണ്ട്. തന്നെ അയോഗ്യനാക്കിയ നടപടി ചോദ്യംചെയ്തു യാദവ് നല്‍കിയ ഹരജി വാദംകേള്‍ക്കുന്നത് എളുപ്പത്തിലാക്കാന്‍ സുപ്രിംകോടതി, ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. രാജ്യസഭാംഗം എന്ന നിലയ്ക്കു ലഭിച്ച ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതി ശരദ് യാദവിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതിയുടെ ഡിസംബര്‍ 15ലെ ഉത്തരവ് ചോദ്യംചെയ്ത് ജനതാദള്‍ (യു)വിലെ രാമചന്ദ്രപ്രസാദ് സിങ് നല്‍കിയ ഹരജിയില്‍ മെയ് 18ന് സുപ്രിംകോടതി യാദവിന് നോട്ടീസ് അയച്ചിരുന്നു.
രാജ്യസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യംചെയ്ത് ശരദ് യാദവ് നല്‍കിയ ഹരജി പരിഗണിക്കുന്നതു വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയും ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റാമെന്നായിരുന്നു ഡിസംബര്‍ 15ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരേയാണ് രാജ്യസഭയിലെ ജെഡിയു നേതാവ് സിങ് സുപ്രിംകോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it