Flash News

ശമ്പള വര്‍ധന : നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു



തൃശൂര്‍: ശമ്പളവര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദ്യഘട്ട സമരം തൃശൂരില്‍ ആരംഭിച്ചു. സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ തൃശൂര്‍ കലക്ടറേറ്റിനു മുന്നിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയില്‍ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു സമരം ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ നിന്ന് കലക്ടറേറ്റിലേക്ക് നൂറുകണക്കിന് നഴ്‌സുമാര്‍ പങ്കെടുത്ത മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടന്നു. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ ഉദ്ഘാടനം ചെയ്തു. യാതൊരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം ലഭ്യമാക്കുന്നതു വരെ സമരം തുടരുമെന്നും ജാസ്മിന്‍ഷാ പറഞ്ഞു. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ജോലിയുടെ ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുന്ന നഴ്‌സുമാരാണ് സമരത്തിനിറങ്ങുന്നത്. 27 വരെ ഇതേ രീതിയില്‍ സമരം തുടരുമെന്നും എന്നിട്ടും തീരുമാനമായില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരും സമരത്തിനിറങ്ങുമെന്നും സമരം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും ജാസ്മിന്‍ഷാ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. അതേസമയം, സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി എസ് സുനില്‍കുമാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. സമരം ന്യായമാണെന്നും എന്നാല്‍, പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി  സമരസമിതിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സമരം നിര്‍ത്തിവയ്ക്കുന്നതു സംബന്ധിച്ച് ഇന്ന് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it