ശമ്പളക്കമ്മീഷന്‍ ഭാരം: റെയില്‍വേ 32,000 കോടിയുടെ സഹായം തേടി

ന്യൂഡല്‍ഹി: ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനു റെയില്‍വേക്ക് 32,000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു.
ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള ധനസഹായമായോ റെയില്‍വേ സേവനങ്ങളിലെ നഷ്ടപരിഹാരമായോ ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ സംഭവിക്കുന്ന ബാധ്യത നികത്തുന്ന രീതിയിലോ പണം അനുവദിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ആവശ്യം.
റെയില്‍വേയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രഭു, ജയ്റ്റ്‌ലിക്ക് കത്തയച്ചിട്ടുണ്ട്. അടുത്ത മൂന്നുനാല് വര്‍ഷംകൊണ്ട് ചാര്‍ജ് വര്‍ധനയിലൂടെയും ചെലവുചുരുക്കിയും മറ്റു വരുമാനമാര്‍ഗങ്ങളിലൂടെയും റെയില്‍വേക്ക് സാമ്പത്തിക ബാധ്യത നേരിടാന്‍ കഴിയുമെന്നും മന്ത്രി കത്തില്‍ പറഞ്ഞു. എന്നാല്‍, ചാര്‍ജ്‌വര്‍ധന ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. 2016-17ല്‍ റെയില്‍വേയുടെ വരുമാനം 40 ശതമാനം വര്‍ധിച്ചെങ്കില്‍ മാത്രമേ ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതിലൂടെ ഉണ്ടാവുന്ന അധിക ബാധ്യത മറികടക്കാനാവൂ.
ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം റെയില്‍വേ—ക്ക് വര്‍ഷത്തില്‍ 28,450 കോടിയുടെ അധിക ബാധ്യതയാണ് വന്നുചേര്‍ന്നതെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it