ശബ്ദമലിനീകരണം: കൊച്ചിയിലെ റോഡുകള്‍ മുന്നില്‍

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ശാഖയും എസ്‌സിഎംഎസ് ഗ്രൂപ്പ് സ്ഥാപനങ്ങളും ചേര്‍ന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ (എഒഐ) നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ശബ്ദമലിനീകരണത്തില്‍ കൊച്ചി വളരെ മുന്നിലാണെന്നു കണ്ടെത്തല്‍. 26ന് നടക്കുന്ന നോ ഹോണ്‍ ഡേയ്ക്ക് മുന്നോടിയായി കൊച്ചിയിലെ ഒമ്പത് പ്രധാന നിരത്തുകളില്‍ നടത്തിയ പഠനത്തിലാണ് ശബ്ദതീവ്രത 105 ഡെസിബല്‍ വരെയാണെന്നു കണ്ടെത്തിയത്.
എസ്‌സിഎംഎസ് ഡയറക്ടര്‍ പ്രഫ. രാധാ തവന്നൂരിന്റെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന സംഘമാണ് രണ്ടുദിവസം തുടര്‍ച്ചയായി രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പഠനം നടത്തിയത്. പഠനത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ ദേശീയതലത്തില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പ്രഫ. രാധാ തവന്നൂരും ഐഎംഎ കൊച്ചി പ്രസിഡന്റ് വര്‍ഗീസ് ചെറിയാനും പറഞ്ഞു.
എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ കലൂര്‍ ബസ്സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ കേള്‍വിപരിശോധനയില്‍ 60 ശതമാനം ഡ്രൈവര്‍മാര്‍ക്കും മറ്റു ജീവനക്കാരില്‍ 40 മുതല്‍ 45 ശതമാനംപേര്‍ക്കും കേള്‍വിക്കുറവ് ബാധിച്ചതായി കണ്ടെത്തി. തുടര്‍ച്ചയായി 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ കേള്‍വിക്കുറവുള്ളത്.
വാഹനപ്പെരുപ്പം കൊച്ചിയില്‍ ജനങ്ങളുടെ ആരോഗ്യനിലവാരത്തെ സംബന്ധിച്ച് അപകടകരമായ സൂചനകളാണു   നല്‍കുന്നതെന്ന് നോ ഹോണ്‍ ഡേ പ്രോഗ്രാം കണ്‍വീനര്‍ ഡോ. വി ഡി പ്രദീപ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it