ശബരിമല സമരത്തില്‍ ആദിവാസികളെ കരുവാക്കുന്നു: പട്ടികജാതി-വര്‍ഗ ഐക്യവേദി

പത്തനംതിട്ട: അട്ടത്തോട്ടിലെ ആദിവാസികളെ കരുവാക്കിയാണ് ഒരുവിഭാഗം നിലയ്ക്കലും പമ്പയിലും സമരം നടത്തുന്നതെന്നു പട്ടികജാതി-വര്‍ഗ ഐക്യവേദി ഭാരവാഹികള്‍. നാമജപമെന്ന പേരില്‍ അട്ടത്തോട് കോളനിയിലെ ആദിവാസി സ്ത്രീകളടക്കമുള്ളവരെ നിലയ്ക്കലില്‍ പര്‍ണശാല കെട്ടി സമരത്തിനിറക്കിയിരുന്നു. കഴിഞ്ഞ ദിവസം റോഡിലിറങ്ങി വാഹനം തടയാനും നിര്‍ദേശമുണ്ടായി. ആത്മഹത്യ നടത്താന്‍ പ്രേരിപ്പിച്ചതും സമരത്തിനു നേതൃത്വം നല്‍കിയവരാണ്.
എന്നാല്‍, സമരത്തിന്റെ പേരില്‍ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഇപ്പോള്‍ ആദിവാസികളുടെ തലയില്‍ കെട്ടിവയ്ക്കാനും ഇവര്‍ സമരസമിതിയുടെ ഭാഗമല്ലെന്നു പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിലയ്ക്കലും പമ്പയിലും ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടവരേറെയും ആദിവാസികളാണ്. ഇവരെ വഞ്ചിക്കുന്ന സമീപനമാണ് സമരരംഗത്തുള്ളവരില്‍ പലരും സ്വീകരിക്കുന്നത്. രോഗികളും ശാരീരിക പ്രശ്‌നങ്ങളുള്ളവരുമായ സ്ത്രീകളെ അടക്കം സമരരംഗത്തിറക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോളനിയില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ളവരും രാഹുല്‍ ഈശ്വറുമൊക്കെ എത്തി പ്രചാരണം നടത്തിയിരുന്നു.
സമരക്കാരെ കരുവാക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദിവാസികള്‍ക്കു പരമ്പരാഗതമായി ഉണ്ടായിരുന്ന അവകാശങ്ങള്‍ കവര്‍ന്നെടുത്തവര്‍ ഇപ്പോള്‍ ആചാരത്തിന്റെ പേരില്‍ സമരം നടത്തുന്നത് പ്രഹസനമാണെന്നും ഐക്യവേദി കുറ്റപ്പെടുത്തി. സതീഷ് അട്ടത്തോട്, രാജമ്മ സദാനന്ദന്‍, സുജാത നടരാജന്‍, കേശവദേവ്, തെക്കുംമല സദാനന്ദന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it