Kottayam Local

ശബരിമല തീര്‍ത്ഥാടനം: എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിച്ചികില്‍സയും കുടിവെള്ളവുമില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ ആയെങ്കിലും ഇതുവരെയും എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിച്ചികില്‍സയും കുടിവെള്ളവും ഇല്ല. ചികില്‍സ പേരിനു മാത്രമായതും വെള്ളം ഇല്ലാതെയായതോടെയും ആശുപത്രിയിലേയ്ക്ക് എത്തുന്നവര്‍ വലഞ്ഞും കഷ്ടപ്പെട്ടുമാണ് ചികില്‍സ തേടുന്നത്.
അരഡസനോളം ചെറിയ കെട്ടിടങ്ങളും മൂന്ന് നിലയും രണ്ട് നിലയുമുള്ള വന്‍ കെട്ടിടങ്ങള്‍ വേറെയുമുണ്ട് എരുമേലി ആശുപത്രിക്ക്. എന്നാല്‍ ഈ കെട്ടിടങ്ങള്‍ക്ക് വെറും മരുന്ന് വിതരണകേന്ദ്രം മാത്രമായി മാറിയിരിക്കുകയാണ്.
കോടികള്‍ ചെലവിട്ടാണ് ആശുപത്രിയില്‍ ബഹുനില മന്ദിരങ്ങള്‍ കിടത്തിചികില്‍സക്കായി നിര്‍മിച്ചത്. എന്നാല്‍ ഇതുവരെ ഒരു രോഗിയെപോലും കിടത്തി ചികില്‍സിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡോക്ടര്‍മാരും, നഴ്‌സുമാരും, ജീവനക്കാരും ആവശ്യംപോലെ ഉണ്ടായിട്ടും കിടത്തി ചികില്‍സയുടെ കാര്യത്തില്‍ മാത്രം നടപടിയില്ല.
ഉദ്ഘാടന ശിലാഫലകം ആശുപത്രികെട്ടിടത്തിന് മുമ്പില്‍ പ്രഹസനമായി മാറിക്കഴിഞ്ഞിട്ട് മാസങ്ങള്‍ ഏറെയായി.അധികൃതര്‍ ഇതുവരെ കിടത്തി ചികില്‍സയും കുടിവെള്ളവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. രോഗികള്‍ക്ക് കുടിക്കാന്‍ വാട്ടര്‍ പ്യൂരിഫയര്‍ കുടിവെള്ളം സ്ഥാപിക്കുമെന്ന് ഒരു വര്‍ഷം മുമ്പ് ആശുപത്രി വികസന സമിതിയോഗം തീരുമാനിക്കുകയും കരാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടികള്‍ ഇതുമാത്രമായി ഒതുങ്ങി. ഇപ്പോള്‍ ആശുപത്രി ജീവനക്കാര്‍ പണം നല്‍കി ടാങ്കര്‍ ലോറികളില്‍ സ്വന്തം ആവശ്യത്തിന് വെള്ളം എത്തിക്കുകയാണ്. രോഗികള്‍ ആവട്ടെ കൈയ്യില്‍ കുപ്പിവെള്ളവുമായാണ് എത്തുന്നത്. തീര്‍ത്ഥാടന കേന്ദ്രമായിട്ടും എരുമേലി ആശുപത്രിയില്‍ രോഗികള്‍ക്കായി ശൗചാലയം പോലുമില്ല. അതേസമയം ശബരിമല തീര്‍ത്ഥാടന കാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. പ്രത്യേകിച്ച് എരുമേലിയില്‍ ഓരോ വര്‍ഷവും സീസണില്‍ അപകടങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ ഇതിന് ആവശ്യമായ പരിഹാരങ്ങള്‍ ചികില്‍സയുടെ കാര്യത്തില്‍ പോലും നടപ്പിലായിട്ടില്ല. അപകടത്തില്‍ പരിക്കുകളുണ്ടായാല്‍ എക്‌സറേ പരിശോധനയ്ക്കായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതിതന്നെയാണ് ഇപ്പോഴും. ഇത്തവണ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പോര്‍ട്ടബിള്‍ എക്‌സ്-റേ യൂനിറ്റ് സ്ഥാപിക്കുമെന്ന് തീര്‍ത്ഥാടനകാലത്തിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നുമായില്ല. ഒടിവോ, ചതവോ, മുറിവോ സംഭവിച്ചാല്‍ പഞ്ഞിയില്‍ മരുന്ന് വച്ച് തുണി ചുറ്റിക്കെട്ടി എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു രോഗികളെ പറഞ്ഞുവിടുന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്.
Next Story

RELATED STORIES

Share it