Ramadan Special

വ്രതശുദ്ധിയില്ലെങ്കില്‍ രോഗം

വ്രതശുദ്ധിയില്ലെങ്കില്‍ രോഗം
X


വ്രതശുദ്ധിയില്ലാത്ത വ്രതം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇഹലോകത്തെ ഏറ്റവും വെറുക്കപ്പെട്ട പാത്രം കുത്തിനിറച്ച വയറാകുന്നു എന്ന നബിവചനം അനുസ്മരിക്കാം. തിരുനബി പറഞ്ഞു: ''വയറിനേക്കാള്‍ വിനാശകാരിയായ ഒരു പാത്രവും മനുഷ്യന്‍ നിറയ്ക്കുന്നില്ല. ആദം സന്തതിക്ക് നട്ടെല്ലു നിവര്‍ത്തിനിര്‍ത്താനുള്ള ആഹാരം മതിയാകും. അതിലധികം കൂടിയേ തീരൂ എങ്കില്‍ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനും നീക്കിവയ്ക്കട്ടെ.'' ദുര്‍വ്യയം ചെയ്തു പിശാചിന്റെ സഹോദരങ്ങളായിപ്പോവരുതെന്ന വേദോപദേശം കൈവെടിഞ്ഞ് പിശാചിന്റെ സഹോദങ്ങളായിത്തീരാന്‍ അറിഞ്ഞോ അറിയാതെയോ മത്സരിക്കുകയാണ് നമ്മില്‍ പലരും. തിരുനബി പഠിപ്പിച്ച ഫത്വൂറും സഹൂറും ഭക്ഷണോല്‍സവങ്ങളോ തീറ്റമല്‍സരങ്ങളോ ആയിപ്പോവുന്നത് ധൂര്‍ത്തും പൊങ്ങച്ചപ്രകടനവുമാവുന്ന പൈശാചിക സ്വാധീനത്തിന്റെ അനന്തരഫലങ്ങള്‍ മാത്രം. റമദാനില്‍ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കണം.



പുകയില ഉപയോഗം മൂലം യൂറിക് ആസിഡ് രോഗം, രക്തസമ്മര്‍ദം, പ്രമേഹം, കൊഴുപ്പുകെട്ട്, ശ്വാസതടസ്സം, ഹൃദയ-രക്തധമനികളിലെ തടസ്സം (ബ്ലോക്ക്), ഹൃദ്രോഗം, വൃക്കരോഗം, തലച്ചോറിലെ ക്ഷതങ്ങള്‍ മുതലായ രോഗങ്ങള്‍ ഉണ്ടാവാനും ഉള്ളവ മൂര്‍ഛിക്കാനും കാരണമാവും. ''മയക്കമോ തളര്‍ച്ചയോ ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളെയും തിരുനബി നിരോധിച്ചിട്ടുണ്ട്'' എന്ന് നബിപത്‌നിയില്‍ നിന്നു റിപോര്‍ട്ട് ചെയ്യപ്പെട്ട സന്ദേശം വായിക്കുമ്പോള്‍ വിശ്വാസികള്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ അധികം ആലോചിക്കേണ്ടിവരില്ല. പകല്‍ ഉറങ്ങുന്നത് നോമ്പിന്റെ പുണ്യത്തെ ബാധിക്കില്ല. നബി പറഞ്ഞു:’''നോമ്പുകാരന്റെ ഉറക്കം ആരാധനയാകുന്നു. അവന്റെ മയക്കം ദൈവനാമ കീര്‍ത്തനമാകുന്നു.'' അതിനാല്‍, ക്ഷീണിതനായ നോമ്പുകാരന് മയങ്ങുകയോ ഉറങ്ങുകയോ ചെയ്യാം. ശരീരത്തിനും മനസ്സിനും ഉന്മേഷം പ്രദാനം ചെയ്യുന്ന ടോണിക്കാണ് നിദ്ര. അനാരോഗ്യകരമായിത്തീരാവുന്ന നിദ്രാഭംഗം ഒഴിവാക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കണം. ഖിയാമുല്ലൈല്‍ നിര്‍വഹിക്കുമ്പോള്‍ ഉറക്കംതൂങ്ങി വീഴാതിരിക്കാന്‍ പള്ളിയില്‍ തലങ്ങും വിലങ്ങും പിടിക്കയര്‍ കെട്ടിയവരോട് അതഴിച്ചുമാറ്റി ഉറങ്ങാന്‍ തിരുനബി ഉപദേശിച്ചു. വ്രതശുദ്ധി പാലിക്കാതെ മതവിധിക്കു വിരുദ്ധമായി തോന്നുംപടി വ്രതമനുഷ്ഠിച്ചാല്‍ തിരുനബിയുടെ മൊഴിയായി രേഖപ്പെടുത്തപ്പെട്ട 'നോമ്പെടുക്കൂ ആരോഗ്യം നേടൂ' എന്ന ആഹ്വാനം വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക.
Next Story

RELATED STORIES

Share it