ernakulam local

വ്യാപാരിയുടെ കൈ വെട്ടിയ കേസ്; രാജ്യാന്തര സിഗരറ്റ് ലോബിക്ക് പങ്കുണ്ടെന്ന് സംശയം



പള്ളുരുത്തി: ഇടക്കൊച്ചിയില്‍ “ഹഡ്‌സണ്‍ ഹെയ്ല്‍ “എന്ന വ്യാപാര സ്ഥാപനത്തില്‍ കയറി വ്യാപാരിയുടെ കൈ വെട്ടിയ കേസില്‍ സിഗരറ്റ് ലോബിക്ക് പങ്കുണ്ടെന്ന് സംശയം.  വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിഗരറ്റ് ലോബിയെ കുറിച്ച് ആക്രമണത്തില്‍ പരിക്കേറ്റ ബാലസുബ്രഹ്മണ്യം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റിന് വിവരം നല്‍കിയിരുന്നതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് സംഘത്തില്‍പ്പെട്ട പലരേയും എന്‍ഫോഴ്‌സ്‌മെന്റ്്് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച്ച മുന്‍പ് ഇയാളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരേ ഇയാള്‍ പോലിസിന് നല്‍കിയ പരാതി ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ സംഘം തന്നെയാണോ കൈവെട്ടിയ സംഭവം നടത്തിയതെന്നാണ് പോലിസ് അന്വേഷിക്കുന്നത്.  അതേസമയം ഈ സംഭവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശികളായ രണ്ടുപേരെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബാലസുബ്രഹ്മണ്യത്തിന്റെ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. പോലിസെത്തി ബാലസുബ്രഹ്മണ്യത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി രണ്ട് ബൈക്കുകളിലായി എത്തിയ നാലുപേരാണ് ആക്രമണം നടത്തിയത്. വാള്‍കൊണ്ടുള്ള വെട്ടേറ്റ് പാമ്പായിമുലയില്‍ സ്ഥാപനം നടത്തുന്ന ബാലസുബ്രഹ്മണ്യ(35)ത്തിന്റെ ഇടതു കൈ അറ്റുതൂങ്ങിയിരുന്നു. സംഭവം നടക്കുമ്പോള്‍ വസ്ത്രം വാങ്ങുവാനെത്തിയ രണ്ടുപേര്‍ കടയിലുണ്ടായിരുന്നു. ഇവര്‍ സംഭവത്തിന് ദൃക്‌സാക്ഷികളാണ്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം ഹെല്‍മെറ്റ് ധരിച്ചിരുന്നു. ബാലസുബ്രഹ്മണ്യത്തിന് കാര്‍ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാടുണ്ട്. സിറ്റി പോലിസ് കമ്മീഷണര്‍, മട്ടാഞ്ചേരി അസി. കമ്മീഷണര്‍, ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it