വ്യാജ ഇ-മെയില്‍ സന്ദേശം: ജാഗ്രത വേണം- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: റിസര്‍വ് ബാങ്കിന് പൊതുജനത്തിന്റെ പണം ആവശ്യമില്ലെന്നും കേന്ദ്ര ബാങ്കിന്റെ പേരില്‍ പണം ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. റിസര്‍വ് ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇ-മെയില്‍ സന്ദേശങ്ങളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എത്തിയത്.
ഇത്തരത്തിലുള്ള ഇ-മെയിലുകള്‍ സത്യമാണോ എന്ന് അന്വേഷിച്ച് തനിക്ക് ദിനംപ്രതി 10 മെയിലുകളെങ്കിലും ലഭിക്കുന്നുന്നതായും രഘുറാം രാജന്‍ പറഞ്ഞു. നിങ്ങളോട് പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരിക്കലും ഇ-മെയില്‍ സന്ദേശം അയക്കില്ല. 36,000 കോടി ഡോളറിന്റെ വിദേശ വിനിമയ കരുതല്‍ ശേഖരവും എട്ടു ലക്ഷം കോടി സര്‍ക്കാര്‍ ബോണ്ടുകളും റിസര്‍വ് ബാങ്കിനു സ്വന്തമായുണ്ട്. റിസര്‍വ് ബാങ്കിന് പൊതുജനങ്ങളുടെ പണം ആവശ്യമില്ലെന്നും രഘുറാം രാജന്‍ അറിയിച്ചു. ഒരു മല്‍സരത്തിലോ ലോട്ടറിയിലോ വിജയിച്ചുവെന്നോ നിങ്ങള്‍ക്ക് 50 ലക്ഷം രൂപ ഉടന്‍ അയക്കുമെന്നോ അതിന് 20,000 രൂപ ട്രാന്‍സാക്ഷനായി അയക്കണമെന്ന് ആവശ്യപ്പെട്ടോ മെയില്‍ ലഭിച്ചാല്‍ ആ ഇ-മെയില്‍ അവഗണിക്കുക. അത് വ്യാജ സന്ദേശമായിരിക്കും. തങ്ങള്‍ പണം ആവശ്യപ്പെടാറോ അയക്കാറോ ഇല്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it