വ്യാജന്‍മാര്‍ക്കെതിരേ നിയമനിര്‍മാണം

തിരുവനന്തപുരം: വ്യജ ജൈവ പച്ചക്കറി വില്‍പന നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. ജൈവ പച്ചക്കറി വില്‍ക്കുന്നതായി അവകാശപ്പെട്ട് പലസ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.  ഇവയെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരുന്നത് സര്‍ക്കാര്‍ ആലോചിക്കും. സീറോ ബജറ്റ് നാച്വറല്‍ ഫാമിങ് സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത സാമ്പത്തികവര്‍ഷം നിലവിലുള്ള ഹോര്‍ട്ടി കോര്‍പ് വിപണനശാലകള്‍ക്കു പുറമേ 100 സ്റ്റാളുകള്‍ കൂടി തുടങ്ങാനുള്ള പദ്ധതി നടപ്പാക്കും. നിലവില്‍ 94 സ്വന്തം സ്റ്റാളുകളും 253 ഫ്രാഞ്ചൈസി സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നെല്ലിന്റെ സംഭരണ വിലയില്‍ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. നിലവില്‍ കിലോഗ്രാമിന് 15.50 രൂപയാണ് കേന്ദ്രം നല്‍കുന്നത്. ഇത് 17.57 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതത്തിന്റെ 50 ശതമാനം വരുന്ന സംസ്ഥാന വിഹിതവും ചേര്‍ത്ത് സംഭരണവില 26.37 രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്.
നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നത് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. നെല്ല് ഏറ്റെടുക്കാന്‍ വൈമനസ്യം കാണിക്കുന്ന മില്ലുകാരുടെ ധിക്കാരം അനുവദിക്കില്ല. ഇടനിലക്കാരാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. കിന്റലിന് 25 കിലോവരെ പതിര് ഉണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. നിലവില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 മില്ലുകളുമായി സിവില്‍ സപ്ലൈസ് വകുപ്പ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്.  ആദിവാസി മേഖലയില്‍ പരമ്പരാഗത രീതിയില്‍ കൃഷിചെയ്യുന്ന 42 ഇനം നെല്ല് സര്‍ക്കാര്‍ സംഭരിക്കും. ഇവയ്ക്ക് ന്യായവില ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it