Idukki local

വ്യത്യസ്ത നിലപാടുകളുമായി സിപിഎമ്മും സിപിഐയും ; മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന് തടസ്സമാവും



തൊടുപുഴ: മൂന്നാറില്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളുമായി സിപിഎമ്മും സിപിഐയും നില്‍ക്കുന്നത് കൈയ്യേറ്റ മൊഴിപ്പിക്കലിനെ ദോഷകരമായി ബാധിക്കുമെന്ന് സൂചന.ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് സാധ്യത. കൈയേറ്റങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയ്്ക്കും തയ്യാറല്ലാത്ത റവന്യൂ ഉദ്യോഗസ്ഥനെ മൂന്നാറില്‍ നിന്നും സ്ഥലം മാറ്റിയേ പറ്റൂ എന്ന് സി.പി.എം നേതാക്കള്‍ വാശി പിടിക്കുമ്പോള്‍ റവന്യൂ വകുപ്പിന്റെ യശസ്സുയര്‍ത്തിയ ഉദ്യോഗസ്ഥനെ നിലനിര്‍ത്തിയേ തീരു എന്ന നിലപാടിലാണ് സി.പി.ഐ. ഏതു തരത്തിലുള്ള ഒഴിപ്പിക്കല്‍ നടപടിക്കും ആദ്യം തന്നെ തടസ്സവുമായെത്തുന്ന സി.പി.എം നേതാക്കളുടെ ഇടപെടല്‍ മൂലം ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും സി.പി.ഐ ആരോപിക്കുന്നു. മൂന്നാറില്‍ ഏറ്റവും അവസാനം റവന്യൂ വകുപ്പ് ഒഴിപ്പിക്കാന്‍ ശ്രമിച്ച കെട്ടിടത്തിന്റെ മേലുള്ള നടപടിക്ക് തടസ്സവുമായെത്തിയ സി.പി.എം നിലപാട് യാതൊരു വിധത്തിലും ന്യായീകരിക്കത്തക്കാവുന്നതല്ല. കാലാവധി കഴിഞ്ഞ പാട്ടഭൂമി ഏറ്റെടുക്കാന്‍ പോലും സമ്മതിക്കാതെ കോടികള്‍ ആസ്തിയുള്ള റിസോര്‍ട്ട് ഉടമയുടെ പക്ഷം പിടിക്കാനാണ് സി.പി .എം ശ്രമിക്കുന്നത്. കൈയേറ്റക്കാരുടെ സ്വാധീന വലയത്തിലുള്ള ചില സി.പി .ഐ നേതാക്കളും പ്രമുഖ കോ ണ്‍ഗ്രസ് നേതാവും ഇവര്‍ക്കൊപ്പം നിന്നു.  ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ പരസ്യമായി കൈയേറ്റം ചെയ്തിട്ടു പോലും സി. പി.എം പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസുപോലുമെടുത്തില്ല. ജില്ലയിലെ സിപിഎം എം.എല്‍ .എയും മന്ത്രിയുമാണു ജില്ലയിലെ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നത്. വന്‍കിട റിസോര്‍ട്ടുകളുടെ ഉടമകള്‍ സി.പി .എം നേതാക്കളോട് പുലര്‍ത്തുന്ന അടുപ്പമാണ് കൈയേറ്റമൊഴിപ്പിക്കലിന് തടസ്സമെന്ന് സിപിഐ നേതാക്കള്‍ പറയുന്നത്.
Next Story

RELATED STORIES

Share it