വോട്ട് ചെയ്യാന്‍ ലക്ഷത്തോളം ഇതര സംസ്ഥാനക്കാര്‍

പൊന്നാനി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഏകദേശം 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പൊതുവെ 'ഇതരസംസ്ഥാന'ക്കാര്‍ എന്നു വിളിക്കപ്പെടുന്ന ഇവര്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നു വ്യക്തമല്ല. ഇവരില്‍ ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇത്തവണ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനാവുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നേരത്തേ തമിഴ് തോട്ടം തൊഴിലാളികള്‍ക്കും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നു. ഇതാദ്യമായാണ് ബംഗാളികളും ബിഹാറികളും ഉള്‍പ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കാനായത്. പീരുമേട്, ഉടുമ്പന്‍ചോല, മൂന്നാര്‍, നെയ്യാറ്റിന്‍കര, പാറശ്ശാല, ചിറ്റൂര്‍, മഞ്ചേശ്വരം, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് ഇത്തവണ വോട്ടര്‍മാരായി എത്തിയിട്ടുള്ളത്.
കേരളത്തില്‍ സ്ഥിരതാമസക്കാരാണെന്ന് രേഖാമൂലം തെളിയിച്ചവര്‍ക്കാണ് വോട്ടവകാശം ലഭിച്ചിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. മിക്ക ആളുകളും തദ്ദേശിയരെ വിവാഹം കഴിച്ച് ഇവിടെ സ്ഥിരതാമസമാക്കിയവരാണ്. റേഷന്‍, ആധാര്‍ കാര്‍ഡുകള്‍ നേടിയ ഇതരസംസ്ഥാനക്കാരാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. അതേസമയം ഇവിടെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട പല ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും സ്വന്തം നാട്ടിലും വോട്ടര്‍പട്ടികയില്‍ പേരുള്ളതായി ആരോപണം ശക്തമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബംഗാളികള്‍ക്കു വോട്ടവകാശം നല്‍കുന്നതിനെതിരേ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പല പഞ്ചായത്തുകളിലും വോട്ടര്‍പട്ടികയില്‍ പേരുള്ള ബംഗാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ആരോപണമുണ്ട്. ബംഗാളികളുടെ വോട്ടുകള്‍ ഇടതുപക്ഷത്തിനു പോവുമോയെന്ന സംശയമാണ് കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിനു കാരണമായി പറയുന്നത്.
നെല്ലിയാമ്പതിയില്‍ മാത്രം ഔദ്യോഗിക രേഖകളില്‍ ഇടം പിടിക്കാത്ത മൂവായിരത്തോളം ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് തൊഴിലാളികള്‍ ഉണ്ട്. പക്ഷേ, ഇവിടെ വോട്ടവകാശം ലഭിച്ചത് 27 ബംഗാളികള്‍ക്കു മാത്രമാണ്. മിക്ക അപേക്ഷകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ടു തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it