palakkad local

വോട്ട് കുറഞ്ഞതിനെച്ചൊല്ലി ബിജെപിക്കെതിരേ ബിഡിജെഎസ്

പാലക്കാട്: നിയമസഭാതിരെഞ്ഞടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞതിനെ ചൊല്ലി ബി ജെ പി - ബി ഡി ജെ എസ് സഖ്യത്തില്‍ പൊട്ടിത്തെറി. എന്‍ ഡി എയുടെ ഘടകകക്ഷിയായ ബി ഡി ജെ എസിനെ ബി ജെ പി പാരവെക്കുകമാത്രമല്ല വോട്ടുകള്‍ ലീഗിന് വിറ്റുവെന്നാരോപണവുമായി ബി ജെപി മണ്ഡലം കമ്മിറ്റിക്കെതിരെ സംസ്ഥാന, ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുന്നതിനായി ബിജെപിയിലെ ഒരുവിഭാഗവും ബിഡിജെഎസും തീരുമാനിച്ചു.
ഈ തിരെഞ്ഞടുപ്പില്‍ ബി ജെ പിയുടെ വ്യക്തിത്വം
മുസ്‌ലീം ലീഗിന് മുന്നില്‍ അടിയറവെച്ചതായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14, 271 വോട്ട് ബി ജെ പി നേടുകയുണ്ടായി. എന്നാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5000ത്തിലധികം ബിഡിജെഎസ് അംഗങ്ങളും എസ്എന്‍ഡി പിക്ക് 12,000 മെംബര്‍മാരുള്ള മണ്ഡലത്തില്‍ മുപ്പതിനായിരം വോട്ട് നേടുമെന്നാണ് എന്‍ഡി എ സഖ്യം അവകാശപ്പെട്ടത്.
എന്നാല്‍ മണ്ണാര്‍ക്കാടിന്റെ തൊട്ടടുത്ത മണ്ഡലമായ കോങ്ങാട് പാര്‍ലമെന്റ് തിരെഞ്ഞടുപ്പില്‍ 17,598 വോട്ട് നേടിയപ്പോല്‍ ഈ നിയമസഭ തിരെഞ്ഞടുപ്പില്‍ ആറായിരത്തിലധികം വോട്ട് നേടി 23,800 എന്ന സംഖ്യയിലെത്തിച്ചു. ഒറ്റപ്പാലം മണ്ഡലത്തില്‍ ലോകസഭയേക്കാള്‍ ഏഴായിരം വോട്ടുകള്‍ നേടി. എന്നാല്‍ ബി ഡിജെ എസ് മല്‍സരിച്ച ഷൊര്‍ണ്ണൂരില്‍ 28,836 വോട്ടുകള്‍ എന്‍ ഡി എ സഖ്യത്തിന് നേടാനായി. എന്നാല്‍ മണ്ണാര്‍ക്കാട് മാത്രം ലോക്‌സഭയേക്കാള്‍ 4101 വോട്ടുകള്‍ കുറഞ്ഞതിനെക്കുറിച്ചാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിനിടയാക്കിയിരിക്കുന്നത്. ഇപ്പോള്‍ കിട്ടിയ വോട്ട് മണ്ണാര്‍ക്കാട് ബി ഡി ജെ എസിന്റെ വോട്ടുകള്‍ മാത്രമാണെന്നും ബി ജെ പി വോട്ടുകള്‍ മൊത്തമായി ലീഗിന് വില്‍ക്കുകയായിരുന്നെന്ന ആരോപണത്തിന് മുന്നില്‍ ഒന്നും പറയാനാവാതെ ബി ജെ പി നേതൃത്വം വട്ടം കറങ്ങുകയാണ്.പണ്ട് ബേപ്പൂര്‍ മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റായ ടി കെ ഹംസ രാജിവെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ പരീക്ഷിച്ച കോണ്‍ഗ്രസ്- ബിജെപി- ലീഗ് കൂട്ടുകെട്ട് പുതിയ രൂപത്തിലും പുതിയഭാവത്തിലും മണ്ണാര്‍ക്കാട്ടും നടപ്പാക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. വോട്ടെടുപ്പ് ദിവസം ബി ജെ പി ബൂത്തുകള്‍ ഉച്ചക്ക് മുമ്പ് പൊളിച്ചതും പലയിടത്തും ആളെ ഇരുത്താത്തതും ജനങ്ങള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
Next Story

RELATED STORIES

Share it