വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബിജെപി പ്രകടന പത്രിക പുറത്തിറക്കി

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. “സങ്കല്‍പ് പത്ര’യെന്ന പേരിലുള്ള പ്രകടന പത്രിക കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണു പ്രകാശനം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക പുറത്തിറക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ്സും പാട്ടിദാര്‍ ആന്ദോളന്‍ സമിതിയും ബിജെപിക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രചാരണം അവസാനിക്കുന്നതിനു മുമ്പ് പ്രകടന പത്രിക പുറത്തിറക്കാന്‍ പോലും ബിജെപിക്ക് ആയില്ലെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം.  തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്് പ്രകടന പത്രികയ്ക്കു പകരം ബിജെപി ദര്‍ശനരേഖ പുറത്തിറക്കിയതു വിവാദമായിരുന്നു. പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ളവര്‍ ഇതിനെതിരേ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയ സംസ്ഥാനം ഗുജറാത്ത് ആണെന്നു പത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനയാണ് ആഭ്യന്തര ഉല്‍പാദനത്തില്‍ ഗുജറാത്ത് നേടിയതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പട്ടേല്‍ സമുദായത്തിനു വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണു കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ഭരണഘടനാപരമായും സാമ്പത്തികമായും ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതാണു  കോണ്‍ഗ്രസ്സിന്റെ ഗുജറാത്ത് ദര്‍ശനമെന്നും ജെയറ്റ്‌ലി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it