Pathanamthitta local

വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് ക്രമീകരിച്ചു

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ ബാലറ്റ് ക്രമീകരിച്ചു. അതത് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റ് ക്രമീകരണം. ജില്ലാ ഇലക്ഷന്‍ ഓഫിസറും ജില്ലാ കലക്ടറുമായ എസ് ഹരികിഷോര്‍ ബാലറ്റ് ക്രമീകരിക്കുന്ന പ്രക്രിയ നിരീക്ഷിച്ചു.
അഞ്ചു മണ്ഡലങ്ങളിലേക്കുമായി 892 ബൂത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളിലാണ് ബാലറ്റ് ക്രമീകരിച്ചത്. ഇതിനു പുറമേ 130 റിസര്‍വ് യന്ത്രങ്ങളും ക്രമീകരിച്ചു. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ എട്ടുമുതല്‍ ബാലറ്റ് പതിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ല മാര്‍ത്തോമ്മ കോളജ്, റാന്നി സെന്റ് തോമസ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അടൂര്‍ ബിഎഡ് സെന്റര്‍, കോന്നി എലിയറയ്ക്കല്‍ അമൃതാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബാലറ്റ് ക്രമീകരണം നടന്നത്.
റിട്ടേണിങ് ഓഫിസര്‍മാരായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, അനു എസ് നായര്‍, കെ സി മോഹനന്‍, എം എ റഹിം, എം കെ കബീര്‍ തുടങ്ങിയവര്‍ യഥാക്രമം തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂര്‍ നിയോജകമണ്ഡലങ്ങളില്‍ നേതൃത്വം നല്‍കി.
ഓരോ മണ്ഡലത്തിലും അഞ്ച് ശതമാനം വോട്ടിങ് യന്ത്രങ്ങളില്‍ 1000 വോട്ടുകള്‍ പോള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി. ബാലറ്റ് ക്രമീകരിച്ച വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്തശേഷം അതത് കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. പോലിസ് കാവലും ഏര്‍പ്പെടുത്തി. 15ന് വോട്ടിങ് മെഷീനുകള്‍ പോളിങ് ഉദ്യോഗസ്ഥര്‍ മുഖേന പോളിങ് ബൂത്തുകളിലേക്ക് എത്തിക്കും.
Next Story

RELATED STORIES

Share it