palakkad local

വോട്ടര്‍മാരെ സ്വാധീനിക്കാവുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ക്കു വിലക്ക്

പാലക്കാട്: വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കരുതുന്ന എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ പുതിയ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കരുതെന്നും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഉദ്യോഗസ്ഥ മേധാവികളെ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ജില്ലാതല ജീവനക്കാരുമായി കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പുതിയ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും അവശ്യഘട്ടങ്ങളില്‍ നല്‍കേണ്ട ധനസഹായങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും ഇന്ന് വൈകീട്ട് അഞ്ചിനു മുമ്പ് നീക്കം ചെയ്യണം.
സര്‍വീസ് സംഘടനകളുടെ യോഗങ്ങള്‍ സംബന്ധിച്ചുള്ള പോസ്റ്ററുകളും നോട്ടീസുകളും മറ്റും സര്‍ക്കാര്‍ ഓഫിസുകളില്‍ പതിക്കാന്‍ പാടില്ലെന്നും ഇത്തരത്തിലുള്ളവയും നീക്കം ചെയ്യണമെന്ന് കലക്ടര്‍ പി മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. ഇതിനു വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ഥികളില്‍ നിന്നോ, അതാത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളില്‍ നിന്നോ സര്‍വീസ് സംഘടനാ നേതാക്കളില്‍ നിന്നോ ഈടാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ്ബൂത്തായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ കുടിവെള്ള വിതരണം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തണം.
ഇത്തരം സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നതിന് അതാത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും വിഴ്ച വരുത്തുവാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌പോണ്‍സര്‍മാര്‍ മുഖേന കുടിവെള്ള വിതരണം പോലും നടത്താന്‍ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമെന്നും ഇത് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു. സ്ത്രീകള്‍ മാത്രം ജീവനക്കാരായുള്ള പോളിംഗ് ഓഫീസുകള്‍ ഏര്‍പ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കുമെന്നും ഇതിന് താല്‍പര്യമുള്ളവര്‍ വിവരം മുന്‍കൂട്ടി അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it