World

വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹോപ് ഹിക്‌സ് രാജിവച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത ഉപദേഷ്ടാവും വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറുമായ ഹോപ് ഹിക്‌സ് രാജിവച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കി ഒരു ദിവസത്തിനു ശേഷമാണ് ഹിക്‌സിന്റെ രാജി. മൊഴി നല്‍കലുമായി രാജിക്ക് ബന്ധമില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
ട്രംപിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറാവുന്ന നാലാമത്തെ വ്യക്തിയാണ്് ഹിക്‌സ്. ചൊവ്വാഴ്ച ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ഹിക്‌സിനെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.  കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് ഹിക്‌സ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി സ്ഥാനമേറ്റത്. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ സ്ഥാപനത്തില്‍ മോഡലും പബ്ലിക് റിലേഷന്‍ ഓഫിസറുമായി ജോലി ചെയ്തിരുന്ന ഹിക്‌സ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലും അംഗമായിരുന്നു.
ട്രംപിന് വേണ്ടി താന്‍ സാന്ദര്‍ഭികമായി പച്ചക്കള്ളങ്ങള്‍ പറയാറുണ്ടെന്ന് ഹിക്‌സ് ഇന്റലിജന്‍സ് കമ്മിറ്റി മുമ്പാകെ സമ്മതിച്ചതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ പിന്നീട് ഹിക്‌സ് നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഹിക്‌സ് രാജിവച്ചതെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഹിക്‌സിന്റെ രാജി ട്രംപിന് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it