kozhikode local

വൈറല്‍ പനി: മെഡി. കോളജ് ആശുപത്രി ജാഗ്രതയില്‍

ഇ രാജന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം ആകപ്പാടെ ജാഗ്രതയിലാണോ എന്ന തോന്നിക്കുംവിധമാണ് പരിസരമാകെയുള്ള അവസ്ഥ. ആശുപത്രിയിലേക്ക് വരുന്നവരെല്ലാം മാസ്‌ക് (മുഖംമൂടി) ധരിച്ചാണ് ഉള്ളിലേക്ക് കടക്കുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ നിപാ വൈറസ് ബാധ മൂലമുള്ള പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അന്തരീക്ഷം ആകെ മാറിയത്. ആളുകള്‍ ഒന്നടങ്കം മാസ്‌കിലാണ് ഇന്നലെ ആശുപത്രിയിലേക്ക് പ്രവേശിച്ചത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്നാണ് ആവശ്യക്കാര്‍ക്കെല്ലാം മാസ്‌ക് വിതരണം ചെയ്യുന്നത്.
ഉച്ചയോടെ മാസ്‌ക് തീര്‍ന്നുപോയെങ്കിലും വൈകീട്ടോടെ പുതിയ മാസ്‌കുകള്‍ അധികൃതര്‍ എത്തിച്ചു. നിപാ വൈറസ് പനി ബാധിച്ച് മൂന്നുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ചികില്‍സയിലിരിക്കുന്ന ഒരാളുടെ രോഗവും വൈറസ് ബാധയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം ഒരു കുടുംബത്തില്‍ പെട്ടവരാണ്. മറ്റു മരണങ്ങള്‍ നിപാ വൈറസ് മൂലമാണെന്ന് മണിപ്പാലിലെ വൈറോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പരിശോധനാഫലം വന്നതിന് ശേഷമേ ഉറപ്പുവരുത്താന്‍ കഴിയുവെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ  മെഡിക്കല്‍ കോളജില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
വൈറസ് ബാധ പലതരത്തിലുണ്ട്.  ഇത് പകരുന്നത് വായുവിലൂടെയല്ല. രോഗിയുമായുള്ള സമ്പര്‍ക്കം, രോഗിയുടെ കഫം തുടങ്ങിയവയില്‍ നിന്നാണ് ഇത് പകരുന്നത് മണിപ്പാലിലെ വൈറോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ. അരുണ്‍കുമാര്‍ പറയുന്നു.
വവ്വാലില്‍ നിന്നാണ് നിപ്പ വൈറസിന്റെ ഉറവിടമെന്ന് കണ്ടെത്തിയിട്ടുണ്ട്.  പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ വവ്വാലിനെ കണ്ടെത്തിയ കിണര്‍ കവര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പുമായി ആലോലിച്ച് ഇവയില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് പനി ബാധയൊന്നും മെഡിക്കല്‍ കോളേജില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it