thrissur local

വൈന്തോട് പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് മൂന്നു മാസം പിന്നിടുന്നു; പുനര്‍നിര്‍മാണം നടത്താത്തതില്‍ വ്യാപക പ്രതിഷേധം

മാള: പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് മൂന്നു മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണം നടത്താന്‍ ഭരണാധികാരികള്‍ തയ്യാറാവാത്തതില്‍ വ്യാപക പ്രതിഷേധം. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുകടവ് കുണ്ടൂര്‍ റോഡിലെ വൈന്തോടിന് കുറുകെയുള്ള പാലത്തിന്റെ സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ഒക്ടോബര്‍ മാസം ആദ്യത്തില്‍ പൊളിഞ്ഞത്. ഒരു ഭാഗം ഇടിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിട്ട് കുറച്ച് ഭാഗം കൂടി തകര്‍ന്നിരുന്നു.
ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊളിഞ്ഞ് നി ല്‍ക്കുന്ന ഭാഗം താഴേക്കിരിക്കുകയാണ്. ഈ ഭാഗം കൂടി ഇടിഞ്ഞുവീണാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം കൂടെ ഇടിഞ്ഞുവീഴാന്‍ സാധ്യത ഏറെയാണ്. പാലത്തിന്റെ ഒരു ഭാഗം വളവാണ്. വളവുകൂടിയുള്ള ഈ ഭാഗത്ത് ഇരുവശത്തുനിന്നുമുള്ള വാഹനങ്ങള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തിയാണ് സംരക്ഷണ ഭിത്തിയുടെ തകര്‍ച്ച.
നാട്ടുകാര്‍ ശ്രദ്ധ പുലര്‍ത്തുന്നതിനാല്‍ പല അപകടങ്ങളും ഒഴിഞ്ഞ് പോവുകയാണ്. ബസ്സുകളും സ്‌കൂള്‍ വാഹനങ്ങളുമടക്കം ഒട്ടേറെ വാഹനങ്ങള്‍ നിത്യേന സഞ്ചരിക്കുന്ന റോഡാണിത്.
ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെടുന്ന പാലത്തിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും പുതുതായി ചുമതലയേറ്റ ഭരണസമിതിയും യാതൊരു നീക്കവും നടത്താത്തതില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.
നിത്യേനയെന്നോണം നിരവധിപേര്‍ ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞു പറഞ്ഞു മടുത്തിരിക്കയാണ്. അന്‍പത് വര്‍ഷത്തോളം മുന്‍പ് നിര്‍മിച്ച പാലത്തിന് 12 വര്‍ഷം മുന്‍പ് പാലം പൊളിക്കാതെ വീതികൂട്ടിപ ണിതിരുന്നു. എന്നാല്‍ അതോടൊപ്പം സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ചില്ല.
അതിനാലാണ് സംരക്ഷണഭിത്തി പൊളിയുന്നതെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ ഇതേക്കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ പൊതുമരാമത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നു.
റോഡ് ഏറ്റെടുക്കാമെന്ന് നാലുവര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പ് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നീണ്ടതോടെ അവര്‍ പിന്‍മാറി. ഏതെങ്കിലും ഫണ്ട് തരപ്പെടുത്തി സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാമെന്നിരിക്കേ ഗ്രാമപ്പഞ്ചായത്തിന്റെ തനതായ നിസ്സംഗത തുടരുന്നെന്നാണ് നാട്ടുകാരില്‍ വ്യാപകമായി ഉയരുന്ന ആക്ഷേപം.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്നെങ്കില്‍ നേരത്തെ തന്നെ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുമായിരുന്നെന്നും നാട്ടുകാരില്‍ അഭിപ്രായമുണ്ട്. വലിയതോതിലുള്ള ദുരന്തത്തിനു വരെ കാരണമായേക്കാവുന്ന ഈ ഭാഗം നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുകയാണ്.
Next Story

RELATED STORIES

Share it