വൈദികര്‍ക്കിടയില്‍ ഭിന്നത രൂക്ഷം; വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് വൈദികര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുന്നു. ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന  വൈദികര്‍ക്കെതിരേ ഏതാനും വൈദികര്‍ രംഗത്ത്. വൈദിക സമിതി അടിയന്തരമായി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന് കത്തയച്ചു.
അതിരൂപതയിലെ ഇപ്പോഴത്തെ വൈദിക സമിതി അംഗീകൃത ചട്ടങ്ങളും മര്യാദകളും കാറ്റില്‍പ്പറത്തുകയാണ്. അതിരൂപതയുടെ മഹത്തായ പാരമ്പര്യത്തിനു മേല്‍ കരിവാരിതേക്കുന്ന പ്രവര്‍ത്തനങ്ങളാണ് വൈദിക സമിതി  നടത്തിവരുന്നത്. വൈദിക സമിതിയെ രൂപപ്പെടുത്തിയ പ്രക്രിയ തന്നെ സുതാര്യമായിരുന്നില്ല. പകുതിയോളം വൈദികര്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈദിക സമിതി പിരിച്ചുവിട്ട് പുതിയ സമിതിയെ തിരഞ്ഞെടുക്കണമെന്നും ഒരു വിഭാഗം വൈദികര്‍ സിനഡിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വിവാദ ഭൂമി വില്‍പന വിഷയത്തിന് പരിഹാരം കാണാന്‍ തുടക്കം കുറിച്ചു നടന്ന ചര്‍ച്ചയില്‍ നിര്‍ദേശിക്കപ്പെട്ട വിഷയങ്ങളില്‍ നാളിതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ലെന്നും ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ പ്രസംഗം കാര്യങ്ങള്‍ കൂടുതല്‍ വഷളായെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കത്തയച്ചിരുന്നു. ഇതിനെതിരേയാണ് ഏതാനും വൈദികര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എല്ലാ വൈദികരുടെയും നിര്‍ദേശപ്രകാരമാണ് അത്തരത്തില്‍ കത്തെഴുതുന്നതെന്നാണ് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, അത്തരത്തില്‍ കത്തെഴുതാന്‍ തങ്ങളാരും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ഇതിനെതിരേ രംഗത്തുവന്നിരിക്കുന്ന വൈദികര്‍ പറയുന്നത്. എല്ലാ വൈദികരുടെയും പ്രതിനിധിയാണ് താനെന്ന് അവകാശപ്പെട്ടുകൊണ്ട് ഇതിനു മുമ്പും അദ്ദേഹം നിരവധി പ്രസ്താവനകളിറക്കുകയും കത്തെഴുതുകയും ചെയ്തിട്ടുണ്ടെന്നും അതിനൊന്നും ആരും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു വിഭാഗം വൈദികര്‍ പറയുന്നു. വൈദികര്‍ നിശ്ശബ്ദത പാലിക്കുന്നത് കൂട്ടായ്മയ്ക്ക് പോറലേല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ്.
അതിരൂപത നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് സംഭാവനയായി നല്‍കണമെന്നും വിദേശത്തുള്ള വൈദികര്‍ 150 യൂറോ വീതം കൊടുക്കണമെന്നും കൂടാതെ പലിശരഹിത വ്യവസ്ഥയില്‍ ആവുന്നത്ര സംഖ്യ സമാഹരിച്ച് അതിരൂപതയ്ക്ക് നല്‍കണമെന്നും അഭ്യര്‍ഥിച്ചുള്ള മുഖ്യ സഹായ മെത്രാന്റെ കത്ത് പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോയി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സമൂഹമധ്യത്തില്‍ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
എറണാകുളം അങ്കമാലി രൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ഇല്ലാത്ത ന്യായവാദങള്‍ നിരത്തിയും നഷ്ടക്കണക്ക് പറഞ്ഞും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്രൂശിക്കുന്ന ഒരു വിഭാഗം വൈദികരുടെ നീക്കം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി കെന്നഡി കരിമ്പിന്‍ കാലായില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it