വൈദികന്റെ കൊലപാതകം: മുന്‍ കപ്യാര്‍ പിടിയില്‍

കാലടി: മലയാറ്റൂര്‍ കുരിശുമുടിയിലെ വൈദികനായ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വനത്തിലൊളിച്ച പ്രതി, പള്ളിയിലെ മുന്‍ കപ്യാര്‍ വട്ടേക്കാടന്‍ ജോണി (56) പിടിയിലായി. ഇന്നലെ ഉച്ചയോടെ മലയാറ്റൂര്‍ കുരിശുമുടിക്കു അടുത്ത് ഒന്നാം ബ്ലോക്കില്‍ ആട് ഫാമില്‍ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരാണു പിടികൂടിയത്. വൈദികനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി.
തുടര്‍ന്നു പോലിസ് സ്‌റ്റേഷനിലെത്തിച്ച് പെരുമ്പാവൂര്‍ ഡിവൈഎസ്പി, കാലടി സിഐ സജി മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യവെ തന്നെ ഫാ. സേവ്യര്‍ തേലക്കാട്ട് കപ്യാര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയതിലും താന്‍ മാപ്പു പറഞ്ഞിട്ടും തിരിച്ചെടുക്കാ ന്‍ തയ്യാറാവാത്തതിലുമുള്ള പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും ജോണി പറഞ്ഞതായി പോലിസ് വ്യക്തമാക്കി. വൈദികനെ കൊലപ്പെടുത്തിയ ശേഷം വനത്തിലൊ ളിച്ച ജോണിയെ കണ്ടെത്താന്‍ പോലിസിനൊപ്പം നാട്ടുകാരും വിവിധ സംഘങ്ങളായി തിരിഞ്ഞു വ്യാഴാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
വൈദികന്‍ മരിച്ചതറിഞ്ഞതോടെ കാടിനുള്ളില്‍ വച്ച് ജോണി ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മലയാറ്റൂരില്‍ നിന്നു കളമശ്ശേരി എ ആര്‍ ക്യാംപിലെത്തിച്ച പ്രതിയെ ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടര്‍ന്നു കൂടുതല്‍ ചോദ്യം ചെയ്യലിനായി കുന്നത്തുനാട് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10.30ന് കാലടി കോടതിയില്‍ ഹാജരാക്കും. ഇതിനിടെ മലയാറ്റൂരില്‍ നിന്നു പ്രതി ജോണിയെ കൊണ്ടുപോവുന്നതിനിടെ പോലിസ് ജീപ്പ് നാട്ടുകാര്‍ തടഞ്ഞതു നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രതിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ രംഗത്തെത്തിയത്. എന്നാല്‍ ജോണിക്കെതിരേ അക്രമം ഉണ്ടായേക്കുമെന്നു ഭയന്ന പോലിസ് ഇതിനു തയ്യാറാവാതെ പോ ലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മൃതദേഹം ഇന്നലെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ എത്തിച്ചു. പൊതുദര്‍ശനത്തിനു വച്ച ശേഷം പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെ 10നു സംസ്‌കാരിക്കും.
Next Story

RELATED STORIES

Share it