Kottayam Local

വൈക്കത്ത് സിപിഐ-സിപിഎം ഭിന്നത മുറുകുന്നു

വൈക്കം: വൈക്കത്തും സിപിഐ സിപിഎം ഭിന്നതകള്‍ മുറുകുന്നു. ഏറ്റവുമൊടുവില്‍ ചെമ്പ് ഗ്രാമപ്പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പോസ്റ്റര്‍ യുദ്ധത്തിലെത്തിയിരിക്കുകയാണ്. സിപിഐയുടെ മുന്‍പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ആര്‍ ചിത്രലേഖക്കെതിരേ ഡിവൈഎഫ്‌ഐയുടെ പേരില്‍ പോസ്റ്ററുകള്‍ ഇറങ്ങിയിരിക്കുകയാണ്. ഇവര്‍ ബിജെപിയ്ക്ക് വേണ്ടിയാണ് ഇവിടെ ലൈറ്റ് സ്ഥാപിക്കുന്നതെന്നാണ് ആരോപണം. എന്നാല്‍ വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന സിപിഎമ്മിന്റെ അഡ്വ. ജി ഷീബയുടെ അറിവോടെയാണ് ഇവിടെ ലൈറ്റ് സ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങിയതെന്ന് സിപിഐ പറയുന്നു. ഒരു വാര്‍ഡ് മെമ്പര്‍ അറിയാതെ എങ്ങനെ വാര്‍ഡില്‍ പണി നടക്കുമെന്നും അവര്‍ ചോദിക്കുന്നു. മുന്‍ എംഎല്‍എ കെ അജിത്തിന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള ഫണ്ടാണ് ലൈറ്റ് നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ലൈറ്റ് സ്ഥാപിക്കാന്‍ നിര്‍മിച്ച ഫൗണ്ടേഷന്‍ തകര്‍ക്കപ്പെട്ടു. കല്ലുകുത്താംകടവിലെ റോഡില്‍വേണം ലൈറ്റ് എന്നാണ് സിപിഎമ്മിന്റെ ആവശ്യം. എന്നാല്‍ റോഡിനു താഴെ ലൈറ്റ് സ്ഥാപിച്ചാല്‍ നിരവധി ആളുകള്‍ ഉപയോഗിക്കുന്ന കുളിക്കടവില്‍ രാത്രിസമയത്തുള്ള സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ഒഴിവാക്കാന്‍ സാധിക്കുമെന്നും താഴെനിന്നും റോഡിലേക്ക് നല്ല വെളിച്ചം ലഭിക്കുമെന്നും സിപിഐ പറയുന്നു. ലൈറ്റിന്റെ പേരില്‍ തര്‍ക്കം മുറുകുമ്പോള്‍ പഞ്ചായത്ത് പരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റ് അനിവാര്യമായ നിരവധി പ്രദേശങ്ങളുണ്ട്. ഈ പ്രദേശങ്ങളെയെല്ലാം ഒഴിവാക്കി ഇവിടെ ലൈറ്റ് സ്ഥാപിക്കാന്‍ തിടുക്കം കൂട്ടിയവര്‍ ഇപ്പോള്‍ തമ്മിലടിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ നിലപാട് അറിയിക്കുവാന്‍ കോണ്‍ഗ്രസും ബിജെപിയുമൊന്നും രംഗപ്രവേശം ചെയ്തിട്ടില്ല. ലൈറ്റിനെ ചൊല്ലിയുള്ള തര്‍ക്കം വരുംദിവസങ്ങളില്‍ വലിയ ഒച്ചപ്പാടിനും മറ്റും വഴിവെച്ചേക്കും.
Next Story

RELATED STORIES

Share it