thiruvananthapuram local

വേളിയില്‍ പുതിയ 20 വ്യവസായ യൂനിറ്റുകള്‍ ആരംഭിക്കും



തിരുവനന്തപുരം: വേളിയില്‍ പുതിയ 20 വ്യവസായ യൂനിറ്റുകള്‍ക്ക് കളമൊരുങ്ങുന്നു. ഇവ പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായി ബഹുനില വ്യവസായ സമുചയത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. തിരുവനന്തപുരം താലൂക്കിലെ കടകംപള്ളി വില്ലേജില്‍ 141 സെന്റിലാണ് ബഹുനില വ്യവസായ സമുചയം ഉയരുന്നത്. 43538 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന സമുചയത്തിന് 10 കോടി രൂപയാണ് ചെലവ്. 325 സെന്റ് ഭൂമിയില്‍ വ്യവസായ സമുചയത്തിന്റെ രണ്ടാം ഘട്ടം ഉയരും. 110129 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ടാംഘട്ട സമുചയത്തിന് 22.79 കോടി രൂപയാണ് ചെലവ്. ഇവിടെ 75 വ്യവസായ യൂനിറ്റുകള്‍ക്ക് പ്രവര്‍ത്തന സാഹചര്യമൊരുക്കും. രണ്ട് ഘട്ടങ്ങളിലുമായി 180 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ആയിരത്തില്‍ കുറയാത്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സ്ഥല ദൗര്‍ഭല്യം  വ്യവസായ വികസനത്തിന് തടസമായിരിക്കുന്നതിനാല്‍ എല്ലാ ജില്ലകളിലും സമാന രീതിയില്‍ ബഹുനില വ്യവസായ സമുചയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി സൂചിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ നിലവില്‍ രണ്ടു വ്യവസായ എസ്റ്റേറ്റുകള്‍ ഉണ്ട്. ഇവയില്‍ 240 വ്യവസായ സംരഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വ്യവസായ ഭൂമിയുടെ ദൗര്‍ലഭ്യം കാരണം കൂടുതല്‍ വ്യവസായ യൂനിറ്റുകള്‍ ഇവിടെ എത്തിക്കുവാന്‍ തടസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബഹുനില വ്യവസായ സമുചയം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചത്.  ബഹുനില വ്യവസായ സമുചയ നിര്‍മാണ ചുമതല കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്എല്‍എല്ലിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. വിഎസ് ശിവകുമാര്‍ എംഎല്‍എ, നഗര സഭാ കൗണ്‍സിലര്‍ മേരി ലില്ലി രാജാസ്, കെ എല്‍ സതീഷ് ഐഎഎസ്, എ ആര്‍ രാജേശ്വരിയമ്മ, ടി ഷാജി, സി ജയകുമാരന്‍ നായര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it