palakkad local

വേനല്‍ തീരും മുമ്പ് കുടിവെള്ള കിയോസ്‌കുകളില്‍ വെളളം ലഭിക്കുമോ?



സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: വരള്‍ച്ച രൂക്ഷമായ ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ജലകിയോസ് കുകളില്‍ വെളളം ലഭിക്കുമോ എന്ന ആശങ്കയില്‍  ജനങ്ങള്‍. വേനല്‍ വറുതിയില്‍ ജില്ലയുടെ നാട്ടിന്‍പുറങ്ങളില്‍ പോലും കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ കിയോസ് കല്‍ വെള്ള ടാങ്ക് എത്തിയിട്ടും ജലം കിട്ടിയില്ല.വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടും കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് എവിടെയുമെത്തിയില്ല. ജില്ലയിലെ പല താലൂക്കുകളിലും ഇതിന്റെ നടപടി തുടങ്ങിയിട്ടില്ല. ജില്ലയിലെ ആറ് താലൂക്കുകളില്‍ ചിറ്റൂരില്‍ മാത്രമാണ് വാട്ടര്‍ കിയോസ്‌ക് സ്ഥാപിക്കല്‍ കാര്യമായി നടന്നത്. ഇവിടെ 68 എണ്ണം സ്ഥാപിച്ചതില്‍ 55 എണ്ണത്തില്‍ വെള്ളം നിറച്ച് വിതരണം ചെയ്തു. ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡുകള്‍ എത്തിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും  ജലം സംഭരിക്കുന്നതിനുള്ള ടാങ്കുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് തേജസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലക്കാട് താലൂക്കില്‍ മലമ്പുഴ പ്രദേശത്ത് 18 കിയോസ്‌ക് സ്ഥാപിച്ചു. ഇതില്‍ ഏഴെണ്ണം പട്ടികവര്‍ഗ കോളനികളിലും 11 എണ്ണം പൊതു കോളനികളിലുമാണ് .ഏപ്രില്‍ പകുതി കഴിഞ്ഞിട്ടും കുടിവെള്ളം നല്‍കാനുള്ള കിയോസ്‌കുകള്‍ സ്ഥാപിക്കാനാവാത്തത് അധികൃതരുടെ വീഴ്ചയാണ് .ഇപ്പോള്‍ ഇത് സ്ഥാപിച്ചില്ലെങ്കില്‍ ഇതു കൊണ്ട് എന്താണ് ഗുണമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍. ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ട 390 എണ്ണം ഇവര്‍ നിര്‍മിച്ചു നല്‍കി. രണ്ടാം ഘട്ടത്തില്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട 161 എണ്ണത്തിന്റെ പണി ഉടന്‍ ആരംഭിക്കും. ആലത്തൂര്‍ താലൂക്കില്‍ 130 കിയോസ്‌ക് സ്ഥാപിക്കാനാണ് പദ്ധതി.ഇതില്‍ 40 സ്ഥലങ്ങളില്‍ മാത്രമേ സ്റ്റാന്‍ഡ് സ്ഥാപിച്ചിട്ടുള്ളൂ. അതില്‍ തന്നെ വളരെ കുറച്ചെണ്ണത്തില്‍ മാത്രമേ ടാങ്ക് വെച്ചിട്ടുള്ളൂ. സ്ഥാപിക്കുന്ന ചുമതല നിര്‍മിതി കേന്ദ്രത്തിനായതിനാല്‍ തന്നെ റവന്യൂ തലത്തില്‍ ഇതേ കുറിച്ച് വിവരമൊന്നുമില്ല .മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളില്‍ കിയോസ്‌ക് സ്ഥാപിക്കല്‍ എങ്ങുമെത്തിയിട്ടില്ല.  ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ സ്റ്റാന്‍ഡുകളും അതിനു മുകളില്‍ ജലസംഭരണിയും സ്ഥാപിച്ച് വെള്ളം നിറച്ചു വെയ്ക്കുന്നതാണ് പദ്ധതി. ഇത്തരത്തില്‍ ഒരു കിയോസ്‌കിന് 34,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ഒരു വാര്‍ഡില്‍ രണ്ടു സ്ഥലങ്ങളിലാണ് കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പലയിടത്തും കിയോസ്‌കിന്റെ സ്റ്റാന്‍ഡ് എത്തിയിട്ടുണ്ടെങ്കിലും ടാങ്ക് എത്തിയിട്ടില്ല. കുടിവെള്ള രൂക്ഷമായ ജില്ലയിലെ പലയിടത്തും സന്നദ്ധ സംഘടനകളും രാഷ്ട്രീയ കക്ഷികളും സൗജന്യ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ആയിരം ലിറ്റര്‍ വെള്ളത്തിന്‍ മൂന്നൂറ് രൂപ മുതല്‍ എണ്ണൂറ് രൂപ വരെ വില നല്‍കിയാണ് പലയിടത്തും വെള്ളം വാങ്ങുന്നത്.ഈ സാഹചര്യത്തില്‍ അടിയന്തിരമായി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്നാണ് പൊതുജനം പറയുന്നത്. മുന്‍ കാലങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചിരുന്നതിന് പകരമാണ് ഇത്തവണ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
Next Story

RELATED STORIES

Share it