ernakulam local

വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റ് മൂവാറ്റുപുഴയില്‍ വന്‍നാശം വിതച്ചു

മൂവാറ്റുപുഴ: വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റ് മേഖലയില്‍ വന്‍നാശം വിതച്ചു. കാറ്റില്‍ മൂവാറ്റുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലെയും നിരവധി മരങ്ങള്‍ കടപുഴകി വീണു. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ കുരകള്‍ പറന്നു പോയി. വ്യാപകമായി മരങ്ങള്‍ മറിഞ്ഞു വീണു.
മരങ്ങള്‍ വീണ് അഞ്ചോളം വാഹനങ്ങള്‍ തകര്‍ന്നു. മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ പ്രദേശത്തെ നിരവധി ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് നാലോടെയാണ് മഴയും കാറ്റുമുണ്ടായത്. മൂവാറ്റുപുഴ നഗരസഭയിലും പായിപ്ര, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, ആയവന, കല്ലൂര്‍ക്കാട്, മാറാടി, വാളകം തുടങ്ങിയ പഞ്ചായത്തുകളിലും കാറ്റ് വന്‍ നാശമാണ് വിതച്ചത്. വിളവെടുപ്പിനു പാകമായതുള്‍പ്പെടെയുള്ള വാഴ, മരച്ചീനി തുടങ്ങിയ വിളകളും റബര്‍, പ്ലാവ് തുടങ്ങിയ വന്‍ മരങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. വന്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേയ്ക്കു മറിഞ്ഞ് വീണത് പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാക്കിയിരിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തിലും പരിസരങ്ങളിലും  വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഇന്നലെ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. ടെലിഫോണ്‍ ബന്ധവും തകരാറിലായത് ജനങ്ങളെ ഏറെ ബാധിച്ചിരുന്നു. സ്വകാര്യ കമ്പനികളുടേതുള്‍പ്പെടെ മൊബൈല്‍ ദാതാക്കളുടെ ആശയ വിനിമയ സംവിധാനം തകരാറിലായതോടെ പ്രദേശത്ത ഇന്റര്‍നെറ്റ് സംവിധാനങ്ങളും തകരാറിലായി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് പ്രദേശത്ത് നശിച്ചിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണതു മൂലം ഗതാഗത കുരുക്കും രൂക്ഷമായിരുന്നു.
മൂവാറ്റുപുഴ ഐസക് തീയറ്റര്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കു മുകളില്‍ തണല്‍ മരം മറിഞ്ഞ് വീണു. മൂന്ന് കാറുകള്‍ക്ക് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ ഏറെനേരം ഗതാഗതവും സംഭവിച്ചിരുന്നു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് താമസിച്ചെത്തിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിനു വഴി തെളിച്ചു. സ്വകാര്യ വ്യക്തിയുടെ വളപ്പില്‍ കാറുകളുടെ മുകളിലേയ്ക്ക് മറിഞ്ഞ് വീണ മരം  ഗതാഗതക്കുരുക്കോ അപകടമോ മറ്റുമില്ലാത്തതിനാല്‍ മുറിച്ച് മാറ്റാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. മൂവാറ്റുപുഴ നഗരസഭാംഗം ജിനു മടേയ്ക്കനുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കാറ്റില്‍ നഗരത്തിലെ അരമന ജങ്ഷനിലെ ഗ്രാന്റ് മാളിന്റെ അഞ്ചാം നിലയില്‍ നിന്നു സിലിങ് അടര്‍ന്നു വീണു രണ്ടു കാറുകള്‍ക്ക് കേടുപറ്റി. നഗരത്തിലെ നെഹ്‌റു പാര്‍ക്ക്, കച്ചേരിത്താഴം, വെള്ളൂര്‍ക്കുന്നം, മോളേക്കുടി പെരുമറ്റം, വണ്‍വെ ജങ്ഷന്‍, ഇഇസി റോഡ്്, കുന്നപിള്ളിമല, തുടങ്ങിയയിടങ്ങളില്‍ മരച്ചില്ലകള്‍ ഒടിഞ്ഞ് വീണതും യാത്രക്കാര്‍ക്കുള്‍പ്പെടെ ദുരിതം സമ്മാനിച്ചു. കാറ്റില്‍ ഫയര്‍ഫോഴ്‌സ് ഓഫിസ് മന്ദിരത്തിനു കേടുപാടുകള്‍ സംഭവിച്ചു. കൂടാതെ ആരക്കുഴയില്‍ നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.
തൊടുപുഴ റോഡില്‍ മാവിന്‍ചുവട്ടില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്നു തീ പടര്‍ന്നതു മൂലം കേബിളുകള്‍ക്കുള്‍പ്പെടെ നാശം സംഭവിക്കുന്നതിനു കാരണമായി. 130 ജങ്ഷനില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞത് ഗതാഗത തടസ്സത്തിനു കാരണമായി. സ്റ്റേഡിയം റോഡിലും പെരുമറ്റം പാലത്തിനു സമീപവും ഇലക്ട്രിക്ക് പോസ്റ്റ് മറിഞ്ഞ് വീണു. വള്ളിക്കാലി കവലയില്‍ ലയണ്‍സ് ക്ലബിനു സമീപം തെങ്ങ് വൈദ്യുത ലൈനിലേയ്ക്ക് വീണു. മൂവാറ്റുപുഴ, കല്ലൂര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരങ്ങള്‍ മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തത്. ശക്തമായ മഴയെ തുടര്‍ന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുമുണ്ടായത് ജനങ്ങള്‍ക്ക് ദുരിതമായി.
Next Story

RELATED STORIES

Share it