kannur local

വേനല്‍ച്ചൂട് കനത്തു: കാര്‍ഷിക വിളകള്‍ ഉണങ്ങുന്നു; മീനുകള്‍ ചത്തുപൊങ്ങി

ഇരിട്ടി: വേനല്‍ ചൂട് താങ്ങാനാവാത്ത വിധം കഠിനമായതോടെ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുകയും ജലാശയങ്ങള്‍ വറ്റിയതോടെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയും ചെയ്യുന്നു. മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ ചൂട് ശക്തമായതോടെ ജല ക്ഷാമത്തോടൊപ്പം കാര്‍ഷിക വിളകളും നശിക്കുന്നത് മലയോരജനതയുടെ നടുവൊടിക്കുകയാണ്. ചാക്കാട്, ആറളം, ഉവ്വാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടു.
ആദിവാസി കോളനിവാസികള്‍ ഉള്‍പ്പെടെ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ജലക്ഷാമം നേരിടുന്ന പഞ്ചായത്തുകളില്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് വിലയിടിഞ്ഞ സാഹചര്യത്തില്‍ മറ്റു കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുന്നത് വന്‍ തിരിച്ചടിയാവുകയാണ്. നീരൊഴുക്ക് നിലച്ച തോടുകളിലും മറ്റും മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും പതിവായിട്ടുണ്ട്. ചെറുപുഴ തിരുമേനി തോടിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ മീനുകള്‍ ചത്തുപൊങ്ങുന്നുണ്ട്.
ഇതോടെ കുളിക്കാനും തുണി നനയ്ക്കുാനും തോടുകളെ ആശ്രയിക്കുന്നവര്‍ക്കും തിരിച്ചടിയാവുകയാണ്. ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. കൃഷിയാവശ്യങ്ങള്‍ക്കും മറ്റും കാര്യങ്കോട് പുഴയില്‍ നിന്ന് മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളമെടുക്കുന്നത് ചെറുപുഴ പഞ്ചായത്ത് കഴിഞ്ഞ ദിവസം മുതല്‍ നിരോധിച്ചു. പുഴോരങ്ങളിലുള്ള പ്രദേശങ്ങളുള്‍പ്പെടെ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനം. തെങ്ങ്, കവുങ്ങ് തുടങ്ങിയ കാര്‍ഷികവിളകളെയും വേനല്‍ചൂട് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
തൊഴിലിടങ്ങളില്‍ കുടിവെള്ളം കരുതണം
കണ്ണൂര്‍: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ ചൂട് വളരെ കൂടുതലായിരിക്കുമെന്നതിനാല്‍ എല്ലാ ആശുപത്രികളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളും അങ്കണവാടികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തൊഴിലാളികള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ വെയിലില്‍ പണി എടുക്കുന്നത് പരമാവധി ഒഴിവാക്കണം. എല്ലാ തൊഴില്‍ സ്ഥലത്തും കുടിവെള്ളവും ഒആര്‍എസ് പായ്ക്കറ്റും ലഭ്യമാക്കണമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it