malappuram local

വേദികള്‍ ഇന്നുണരും; ആദ്യദിവസം മുന്നേറിയത് സര്‍വകലാശാലാ കാംപസ്

മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോല്‍സവത്തിന്റെ ആദ്യദിവസം പോയിന്റു പട്ടികയില്‍ തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാല കാംപസ് കോളജിന്റെ മുന്നേറ്റം. ആറിനങ്ങളിലെ മല്‍സര ഫലം പുറത്തു വന്നപ്പോള്‍ 16 പോയിന്റുമായി സര്‍വകലാശാല കാംപസ് കോളജ് മുന്നിലാണ്. 10 പോയിന്റുമായി കുണ്ടൂര്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജാണ് രണ്ടാമത്. ഏഴു വീതം പോയിന്റുകളുമായി മമ്പാട് എംഇഎസ് കോളജ്, മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജ്, തിരൂരങ്ങാടി പിഎസ്എംഒ കോളജ് എന്നിവ മൂന്നാമതുണ്ട്. പ്രബന്ധ രചന, പൂക്കളം, രംഗോലി, പ്രസംഗം, പെന്‍സില്‍ ഡ്രോയിങ്, എംബ്രോയിഡറി, പെയിന്റിങ് (എണ്ണഛായം, ജലഛായം), ജനറല്‍ ക്വിസ്, സ്‌പോര്‍ട്ട് ഫോട്ടോഗ്രഫി, ചെറുകഥ രചന, കാര്‍ട്ടൂണ്‍ മല്‍സരങ്ങളാണ് ആദ്യദിവസം നടന്നത്. കവിതാ രചന, പ്രസംഗം, കൊളാഷ്, ക്ലേ മോഡലിങ്, ഡിബേറ്റ്, പോസ്റ്റര്‍ രചന എന്നീ മല്‍സരങ്ങളോടെ സ്‌റ്റേജിതര മല്‍സരങ്ങള്‍ ഇന്നു പൂര്‍ത്തിയാവും. ഉദ്ഘാടന ചടങ്ങിനു ശേഷം കവി ഒഎന്‍വിയുടെ പേരിലുള്ള ഒന്നാം വേദിയില്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത് മല്‍സരങ്ങള്‍ നടക്കും. വേദി രണ്ട് (സഫ്ദര്‍ ഹാശ്മി) ല്‍ പാശ്ചാത്യ സംഗീതം, സംഘഗാനം, തന്ത്രി വാദ്യങ്ങള്‍-പാശ്ചാത്യം എന്നിവയാണ് മല്‍സരങ്ങള്‍. ചെണ്ടമേളം ഗ്രൂപ്പ്, തുകല്‍ വാദ്യങ്ങള്‍-പൗരസ്ത്യം എന്നിവയില്‍ വേദി മൂന്ന് (കലാഭവന്‍ മണി) ല്‍ നടക്കും. തുകല്‍ വാദ്യങ്ങള്‍-പാശ്ചാത്യം, തന്ത്രി വാദ്യങ്ങള്‍-പൗരസ്ത്യം, സുഷിര വാദ്യങ്ങള്‍-പാശ്ചാത്യം, പൗരസ്ത്യം എന്നിവയ്ക്ക് ഗൗരി ലങ്കേഷിന്റെ പേരിലുള്ള നാലാം വേദി അരങ്ങാവും.
Next Story

RELATED STORIES

Share it