World

വേദാന്ത: ബ്രിട്ടനില്‍ പ്രതിഷേധം

ലണ്ടന്‍: തൂത്തുക്കുടി കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ വേദാന്തയെ ലണ്ടന്‍ ഓഹരി വിപണിയില്‍ നിന്ന് പുറത്താക്കണമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷം. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ്് വിരുദ്ധ പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പോലിസ് വെടിവയ്പില്‍ 13പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണു നടപടി.
സ്റ്റെര്‍ലൈറ്റിന്റെ മാതൃസ്ഥാപനമായ വേദാന്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടു. വേദാന്ത ഓഹരി സൂചികയില്‍ തുടരുന്നത്് സാമ്പത്തികമായി പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുമെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കോര്‍പറേറ്റ് കൊലകള്‍ നടത്തുന്ന തട്ടിപ്പു കമ്പനിക്ക് ബ്രിട്ടിഷ് സര്‍ക്കാര്‍ സംരക്ഷണം നല്‍കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
വര്‍ഷങ്ങളായി ഈ കമ്പനി അനധികൃത ഖനനം നടത്തുകയാണ്. പ്രകൃതിയെയും ജനത്തെയും വേദാന്ത കമ്പനി നശിപ്പിക്കുകയാണ്. ഇന്ത്യയിലും സാംബിയയും അടക്കം ലോകത്തെല്ലായിടത്തും വേദാന്ത മനുഷ്യാവകാശങ്ങള്‍ നശിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ചയാണ് വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെയുള്ള ജനകീയ സമരത്തിന് നേരെ പോലിസ് വെടിവയ്പ് നടത്തിയത്.
ഇന്നലെ വേദാന്തയ്‌ക്കെതിരേ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫിസിന് സമീപം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. പെരിയാര്‍ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, തമിള്‍ സോളിഡാരിറ്റി, തമിള്‍ പീപ്പിള്‍ ഇന്‍ യുകെ, വീര തമിഴര്‍ മുന്നണി, ഫോയില്‍ വേദാന്ത തുടങ്ങിയ സംഘടനകള്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it