Flash News

വേതനവര്‍ധന; അനിശ്ചിതകാല സമരവുമായി നഴ്‌സുമാര്‍



തിരുവനന്തപുരം: വേതന വര്‍ധനവ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. ആശുപത്രികളിലെ നിസ്സഹകരണ സമരത്തിന് പുറമേ സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ കേന്ദ്രങ്ങളിലും ഇന്നലെ മുതല്‍ സമരം ആരംഭിച്ചു. മന്ത്രിതല ചര്‍ച്ച ഒരാഴ്ചയ്ക്കകം നടന്നില്ലെങ്കില്‍ പണിമുടക്കിലേക്ക് കടക്കുമെന്നും നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം ആശുപത്രികളെ സ്തംഭിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നും നഴ്‌സസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. അതേസമയം, നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച പ്രശ്‌ന പരിഹാരത്തിന് ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. വേതന വര്‍ധനവ് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അഭിപ്രായ സമന്വയത്തിലൂടെ വേതന വര്‍ധനവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് നിര്‍ദേശം തയാറാക്കി സമര്‍പ്പിക്കാന്‍ സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  സമിതി  തെളിവെടുപ്പ് നടത്തി നടപടി പൂര്‍ത്തിയാക്കി വരികയാണ്. ഈ നിര്‍ദേശങ്ങള്‍ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് പരിശോധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ ജീവിത സാഹചര്യം, കുറഞ്ഞ വേതനം, തുല്യ ജോലിക്ക് തുല്യ വേതനം എന്നീ മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച്  അഭിപ്രായ സമന്വയത്തിലെത്താന്‍ ആശുപത്രി മാനേജുമെന്റുകള്‍ മുന്‍കൈ എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതിനിടെ, സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നഴ്സുമാരുടെ സേവന വേതന  വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it