Idukki local

വേങ്ങല്ലൂര്‍ റോളര്‍ ഹോക്കി റിങ് അവഗണനയില്‍

തൊടുപുഴ: ജില്ലയ്ക്ക് അഭിമാനമായ റോളര്‍ സ്‌കേറ്റിങ് താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വെങ്ങല്ലൂരിലെ റോളര്‍ ഹോക്കി റിങ്ിനെ അധികൃതര്‍ അവഗണിക്കുന്നു. നാളുകളായി ആവശ്യമുന്നയിച്ചിട്ടും റിങിന് ചുറ്റും ബാരിക്കേഡ് നിര്‍മിക്കാന്‍ യാതൊരു നടപടിയുമുണ്ടാകുന്നില്ല. മുനിസിപ്പാലിറ്റിയാണ് റിങ് പണിതത്. അന്ന് ബാരിക്കേഡുണ്ടായിരുന്നില്ല.
2016-17 വര്‍ഷത്തെ ബജറ്റില്‍ അഞ്ച് ലക്ഷം രൂപ റിങിനായി വകയിരുത്തിയിരുന്നു. എന്നാല്‍, പദ്ധതി തയ്യാറാക്കിയപ്പോള്‍ ഈ തുക അപ്രത്യക്ഷമായി. അവഗണനയ്ക്കിടയിലും അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് ഇവിടുത്തെ കായികതാരങ്ങള്‍ കൈവരിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന റോളര്‍ ഹോക്കി മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവും ഇടുക്കി ടീം നേടിയിരുന്നു.
ടീമുകളിലെ ഭൂരിബാഗം കുട്ടികളും വെങ്ങല്ലൂരിലെ റിങിലാണ് പരിശീലനം നടത്തുന്നത്. ഇത്തവണത്തെ ദേശീയ മത്സരത്തിന് പോകുന്ന കേരളാ ടീമിലെ 13 പേര്‍ ഇടുക്കിയില്‍ നിന്നാണ്. ഇതില്‍ ഒമ്പത് പേര്‍ വെങ്ങല്ലൂരില്‍ പരിശീലനം നടത്തുന്നവരാണ്. റോളര്‍ ഹോക്കി റിങിന് 40 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും വേണം. ഇത്തരത്തില്‍ കേരളത്തിലുള്ള ഏക റിങും വെങ്ങല്ലൂരെയാണ്. അതിനാല്‍ തന്നെ സംസ്ഥാനതലത്തിലുള്ള റോളര്‍ ഹോക്കി ആര്‍ട്ടിസ്റ്റിക് സ്ലാലം മത്സരങ്ങള്‍ ഈ കോണ്‍ക്രീറ്റ് റിങിലാണ് നടത്തുക.
ഇത്രയൊക്കെയാണെങ്കിലും ബാരിക്കേഡില്ലാത്തത് വലിയ പോരായ്മയാണ്. റോളര്‍ ഹോക്കി മത്സരം പൂര്‍ണ തോതില്‍ നടക്കണമെങ്കില്‍ ബാരിക്കേട് കൂടിയേ മതിയാവൂ. മത്സരത്തിന്റെ നിയമപ്രകാരം ബോള്‍ ഔട്ട് പോകില്ല. പകരം ബാരിക്കേഡില്‍ തട്ടി തിരികെ വരുന്ന ബോളുപയോഗിച്ച് മത്സരം തുടരണം. ബാരിക്കേഡില്ലാത്തതിനാല്‍ വെങ്ങല്ലൂരിലെ റിങില്‍ ബോള്‍ പുറത്തുപോവുന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ താല്‍ക്കാലിക കോണ്‍ക്രീറ്റ് സംവിധാനം റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അത് പര്യാപ്തമല്ല.
സംസ്ഥാന-ജില്ലാ മത്സരങ്ങള്‍ നടക്കുമ്പോള്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് ഇപ്പോള്‍ ബാരിക്കേഡ് ഉണ്ടാക്കുന്നത്. ശരിക്കും ഒരു മീറ്റര്‍ പൊക്കത്തിലാണ് ബാരിക്കേഡ് വേണ്ടത്. ഇതിന്റെ ചുവട്ടിലെ എട്ടിഞ്ച് പലകയും ബാക്കി ഇരുമ്പ് നെറ്റുമായിരിക്കും.
Next Story

RELATED STORIES

Share it