Flash News

വേങ്ങര : പ്രവര്‍ത്തന മാന്ദ്യം യുഡിഎഫിന് വെല്ലുവിളി



മലപ്പുറം: പ്രചാരണം രണ്ടാംഘട്ടത്തിലെത്തിയിട്ടും വേങ്ങരയില്‍ യുഡിഎഫ് കേന്ദ്രങ്ങ ളില്‍ മ്ലാനത. സ്ഥാനാര്‍ഥി പ്രഖ്യാപനം തൊട്ട് കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിലെ വിള്ളല്‍ വരെ നിര്‍ജീവതയ്ക്കു കാരണമായി.  പൊതുയോഗങ്ങളിലും പഞ്ചായത്ത്തല പ്രചാരണങ്ങളിലും ഇരുപാര്‍ട്ടികളിലെയും സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പങ്കെടുക്കുന്നുണ്ടെങ്കിലും പ്രാദേശിക നേതാക്കള്‍ സജീവമല്ല. കഴിഞ്ഞ ദിവസം ലീഗ് നേതൃത്വം യൂത്ത്‌ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വേങ്ങരയില്‍ വിളിച്ചുചേര്‍ത്ത പ്രചാരണങ്ങളില്‍ സജീവമാവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാനാര്‍ഥിത്വം ലഭിക്കാതെ പോയ യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഈ യോഗത്തിനു വേണ്ടിയാണ് ആദ്യമായി വേങ്ങരയിലെത്തിയത്. സെല്‍ഫി വിത്ത് കാന്‍ഡിഡേറ്റ് എന്ന പരിപാടിയുമായി അടുത്ത ദിവസം രംഗത്തിറങ്ങാന്‍ യൂത്ത്‌ലീഗ് തീരുമാനിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ അഞ്ചു തവണ പോളിങ് ബൂത്തില്‍ പോവേണ്ടിവന്നതിന്റെ വിമ്മി ഷ്ടം വോട്ടര്‍ മാര്‍ക്കുണ്ട്. വേങ്ങരയിലെത്തിയാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ല.  വേങ്ങര, കണ്ണമംഗലം, പറപ്പൂര്‍ പഞ്ചായത്തുകളില്‍ ലീഗ്, കോണ്‍ഗ്രസ് ഐക്യം ശിഥിലമാണ്. കണ്ണമംഗലത്തും പറപ്പൂരിലും ലീഗും കോണ്‍ഗ്രസ്സും വേറിട്ടാണ് മല്‍സരിച്ചത്. ഇവിടങ്ങളില്‍ രണ്ടു പാര്‍ട്ടികളും കുറേക്കാലമായി ശത്രുപക്ഷത്തുമാണ്. പറപ്പൂരില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്നു ലീഗിനെ അധികാരത്തിനു പുറത്തുനിര്‍ത്തിയിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടി പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വരുംദിവസങ്ങളില്‍ ലീഗിന്റെ മറ്റു ജില്ലക്കാരായ നേതാക്കള്‍ വേങ്ങരയില്‍  പ്രചാരണത്തിന് ഊര്‍ജം പകരും.  വേങ്ങരയില്‍ ലീഗിന്റെ ഭൂരിപക്ഷത്തെക്കുറിച്ചാണ് അവകാശവാദങ്ങള്‍. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച 38,057 ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് ക്ഷീണം ചെയ്യും. ഒരു വോട്ടെങ്കിലും യുഡിഎഫിന് കൂടുതല്‍ കിട്ടിയാല്‍ ഇടതുഭരണത്തിനെതിരായ വിധിയെഴുത്തായി കരുതാന്‍ തയ്യാറാണെന്നാണ്  മന്ത്രി കെ ടി ജലീല്‍ പറഞ്ഞത്. എസ്ഡിപിഐയുടെ സജീവ സാന്നിധ്യം എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കാന്‍ പോവുന്നതെന്ന ചര്‍ച്ചയ്ക്കാണിപ്പോള്‍ മുന്‍ഗണന.
Next Story

RELATED STORIES

Share it