Flash News

വേങ്ങരയില്‍ കെ പി എ മജീദോ പി കെ ഫിറോസോ മല്‍സരിക്കും



കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വരുന്ന സീറ്റില്‍ മുസ്‌ലിംലീഗിനു വേണ്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ പി എ മജീദോ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസോ മല്‍സരിക്കും. ഈ രണ്ടു പേരുകളാണ് ലീഗ് നേതൃത്വം ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പാര്‍ട്ടി ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ഈ രണ്ടു പേര്‍ക്കുമൊപ്പമാണെന്നാണ് സൂചന. മുതിര്‍ന്ന നേതാവായ കെ പി എ മജീദിനെ നിയമസഭയിലെത്തിച്ച് പാര്‍ട്ടി നേതാവാക്കണമെന്നാണ്  ഒരു വിഭാഗം താല്‍പര്യപ്പെടുന്നത്. മജീദ് സ്വയം മല്‍സര രംഗത്തു നിന്ന് മാറുകയോ മണ്ഡലത്തിലെ പ്രവര്‍ത്തകരില്‍ നിന്നും രൂക്ഷമായ എതിര്‍പ്പ് വരുകയോ ചെയ്താല്‍ പി കെ ഫിറോസിനായിരിക്കും നറുക്ക് വീഴുക. ജില്ലാ സെക്രട്ടറി കെ എന്‍ എ ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി എന്നിവരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഈ രണ്ടു പേര്‍ക്കും സാധ്യതയില്ലെന്നാണ് അറിയുന്നത്. കെ പി എ മജീദ് നിയമസഭയിലേക്ക് പോവുന്ന പക്ഷം കെ എന്‍ എ ഖാദറിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കും. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു തോറ്റ രണ്ടത്താണിയെ വേങ്ങരക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിനു അവസരം ലഭിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കുന്നതിനായി താനൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ്  പാര്‍ട്ടി രണ്ടത്താണിയോട് നിര്‍ദേശിച്ചത്. ഈ മാസം 22ന് പാണക്കാട് ചേരുന്ന ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. മജീദ് മല്‍സരിക്കാത്ത പക്ഷം നിയമസഭാ കക്ഷി നേതാവായി ഡോ. എം കെ മുനീറിനേയും ഉപനേതാവായി വി കെ ഇബ്രാഹിംകുഞ്ഞിനേയും തിരഞ്ഞെടുക്കും. മജീദ് മല്‍സരിക്കുന്ന പക്ഷം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം മുനീറിനായിരിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ യുവത്വത്തിന് പ്രാതിനിധ്യം നല്‍കണമെന്ന അഭിപ്രായക്കാരാണ്. കൊല്ലത്ത് ചേര്‍ന്ന യൂത്ത്‌ലീഗ് സംസ്ഥാന ക്യാംപിലും വരും തിരഞ്ഞെടുപ്പുകളില്‍ സംഘടനയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ച ശേഷം ഇപ്പോള്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിയായ ഫിറോസിനെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വലിയൊരു വിഭാഗം  പാര്‍ട്ടിയിലുണ്ട്.
Next Story

RELATED STORIES

Share it