palakkad local

വെള്ളാരംകടവില്‍ കാട്ടാനക്കൂട്ടം; കര്‍ഷകര്‍ ഭീതിയില്‍



കൊല്ലങ്കോട്: മുതലമട തെന്മലയോരത്ത് ഉള്‍ക്കാട്ടില്‍ നിന്നും മലയോര പ്രദേശത്തേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ കര്‍ഷകര്‍ ഭീതിയിലായി. കുറച്ചു ദിവസങ്ങളായി സീതാര്‍കുണ്ട് ഭാഗങ്ങളില്‍ നാലോളം ആനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളാരംകടവ് കിളിമല ഭാഗങ്ങളിലായി ഏഴോളം ആനകള്‍ ഇറങ്ങിയത്. ഒരു കുട്ടിയാനയും ആറ് വലിയ ആനയുമാണ് ഈ പ്രദേശങ്ങളില്‍ വിഹരിക്കുന്നത്. തെങ്ങ്, കവുങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചതായി കര്‍ഷകര്‍ പറയുന്നു. പറമ്പിക്കുളം വനം വനമേഖലയില്‍ നിന്നും മലയിറങ്ങി ചെമ്മണാംമ്പതി വഴി വന്നതാകാം ആനകള്‍ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളിലും ചെമ്മണാംമ്പതി പ്രദേശത്ത് ആനകള്‍ കൂട്ടത്തോടെ ഇറങ്ങിയിരുന്നു. അന്നും നിരവധി തെങ്ങ്, കവുങ്ങ്, മാവ്, തേക്ക് എന്നിവയ്ക്ക് നാശം വരുത്തിയിരുന്നു. സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ചെങ്കിലും അതൊന്നും ആനകളെ പിന്തിരിപ്പിച്ചില്ല. സോളാര്‍ വേലിയും തകര്‍ത്താണ് ആന ഇറങ്ങിയത്. ചെമ്മണാംമ്പതി വഴിയുള്ള ആനത്താരയില്‍ ട്രഞ്ച് ഉണ്ടാക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും നടപ്പായിട്ടില്ല. സ്വകാര്യ വ്യക്തികള്‍ മല കൈയേറി വ്യാപകമായി മാവുകൃഷി ചെയ്യുന്നുണ്ട്. ഇത് നല്ല ആവാസവ്യവസ്ഥ ആനകള്‍ക്കു പ്രധാനം ചെയ്യുന്നുവെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങുമോയെന്ന ഭീതിയിലാണ് പരിസരവാസികള്‍. വാളയാര്‍, കഞ്ചിക്കോട് മേഖലയിലെ ജനങ്ങളും ദിവസങ്ങളായി ആനപ്പേടിയില്‍ കഴിയുകയാണ്. ഇവിടങ്ങളില്‍ വിഹരിക്കുന്ന ആനകളെ തുരുത്താന്‍ വയനാട്ടില്‍ നിന്നും വിദഗ്ധരെത്തിയിരുന്നുവെങ്കിലും കാട് കയറിപ്പോവുന്ന ആന പിറ്റേ ദിവസം തന്നെ തിരിച്ചുവരുന്നതാണ് കാണുന്നത്.
Next Story

RELATED STORIES

Share it