wayanad local

വെള്ളമുണ്ടയില്‍ ഇനി 'നിര്‍ഭയ കൗമാരം'

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി നിര്‍ഭയ കൗമാരം വെള്ളമുണ്ട പദ്ധതി നടപ്പാക്കുന്നു. വെള്ളമുണ്ട പൊതുജനാരോഗ്യകേന്ദ്രവും ഗ്രാമപ്പഞ്ചായത്തും ചേര്‍ന്നാണ് വേറിട്ട പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ കൗമാരക്കാരായ പെണ്‍കുട്ടികളെ വിവിധ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി അങ്കണവാടികള്‍ വഴി യുവതികള്‍ക്ക് നല്‍കിവരുന്ന ബോധവല്‍കരണ ക്ലാസുകളുടെയും കൗണ്‍സലിങ് പ്രോഗ്രാമുകളുടെയും ഫലമായി ദീര്‍ഘകാല പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെട്ട് ജില്ലയിലാദ്യമായി വെള്ളമുണ്ട പിഎച്ച്‌സി ഇതിന് മുന്‍കൈയെടുക്കുകയായിരുന്നു.
10 മുതല്‍ 18 വയസ്സ് വരെയുള്ള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ആരോഗ്യ-നിയമ ബോധവല്‍ക്കരണം നല്‍കുന്നതോടൊപ്പം ഇവര്‍ പുറത്തുപറയാന്‍ മടികാണിക്കുന്ന കാര്യങ്ങള്‍ പേര് വെളിപ്പെടുത്താതെ എഴുതി അറിയിക്കാന്‍ എല്ലാ അങ്കണവാടികളിലും പെട്ടികള്‍ സ്ഥാപിക്കും. മാസത്തില്‍ ഒരു തവണ അങ്കണവാടികളില്‍ ചേരുന്ന കൗണ്‍സലിങ് ക്ലാസുകളില്‍ ഈ വിവരങ്ങള്‍ പരിഗണിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ലൈംഗിക പീഡന ശ്രമങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.
എന്‍ആര്‍എച്ച്എം സഹായത്തോടെയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നിയോജകമണ്ഡലം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമണി അധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളും കേന്ദ്രമാക്കി തിരഞ്ഞെടുത്ത അഞ്ചു വീതം കൗമാരപ്രായക്കാര്‍ക്ക് ആരോഗ്യ-നിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ഇതില്‍ പങ്കെടുത്തവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദേശത്തെ സമപ്രായക്കാരില്‍ ഈ സന്ദേശങ്ങളെത്തിക്കും. ഡോ. അഭിലാഷ്, കൃഷ്ണമൂര്‍ത്തി, വാര്‍ഡ് അംഗം ജോണി സംസാരിച്ചു. ഡോ. ജിതേഷ്, ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ക്ലാസെടുത്തു.
Next Story

RELATED STORIES

Share it